അയര്ലണ്ടില് കുട്ടികള്ക്കുള്ള വാക്സിനേഷന് ഡിസംബര് 20 ന് ആരംഭിക്കും. അഞ്ച് വയസ്സുമുതല് പതിനൊന്ന് വയസ്സ് വരെയുള്ളവര്ക്കാണ് വാക്സിന് നല്കുക. പ്രധാനമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വന്നാല് അത് ഏറ്റവും മാരകമായി ബാധിക്കാന് സാധ്യതയുള്ള കുട്ടികള്ക്കായിരിക്കും ആദ്യം വാക്സിന് നല്കുക.
കോവിഡ് വന്നാല് ഏറ്റവും മാരകമായി ബാധിക്കാന് സാധ്യതയുള്ള കുട്ടികള്ക്ക് അതായത് ആരോഗ്യ നില മോശമായവര്ക്കായിരിക്കും ഡിസംബര് 20 ന് വാക്സിന് വിതരണം ആരംഭിക്കുക. ഇവര്ക്കൊപ്പം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവര്ക്കാപ്പം താമസിക്കുന്ന കുട്ടികളേയും മുന്ഗണനാ വിഭാഗത്തില് ഉള്പ്പെടുത്തും. ഇതിനുശേഷം ജനുവരി പത്തോടെ എല്ലാവിഭാഗങ്ങളിലുമുള്ളവര്ക്ക് വാക്സിന് നല്കി തുടങ്ങും. ഫൈസര് വാക്സിന്റെ ചെറിയ ഡോസായിരിക്കും കുട്ടികള്ക്ക് നല്കുക.
12 വയസ്സിന് മുകളിലുള്ളവര്ക്ക് നല്കിയ ഒരു ഡോസിന്റെ മൂന്നിലൊന്ന് മാത്രമായിരിക്കും കുട്ടികള്ക്കുള്ള ഒരു ഡോസില് ഉള്പ്പെടുത്തുക. മൂന്നാഴ്ച ഇടവേളയില് രണ്ട് ഡോസായിട്ടായിരിക്കും വാക്സിന് കുട്ടികള്ക്ക് നല്കുന്നത്. ഏകദേശം 4,80,000 ത്തോളം കുട്ടികള് വാക്സിന് സ്വീകരിക്കാനുണ്ടെന്നാണ് സര്ക്കാരിന്റെ കണക്ക് കൂട്ടല്.