രാജ്യത്തെ സെക്കന്ഡറി സ്കൂളുകളില് അധ്യാപക ക്ഷാമം രൂക്ഷമാകുന്നുവെന്ന് റിപ്പോര്ട്ടുകള്. സെക്കന്ഡറി സ്കൂള് പ്രിന്സിപ്പാള്മാരുടെ സംഘടനയാണ് ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ഇക്കാര്യം പുറത്ത് വിട്ടത്. യോഗ്യരായ അധ്യാപകരുടെ കുറവ് മൂലം പലപ്പോഴും മതിയായ യോഗ്യതയില്ലാത്തവരെയോ അല്ലെങ്കില് റിട്ടയേഡ് ആയവരേയൊ അല്ലെങ്കില് സ്റ്റുഡന്സിനെയോ അധ്യാപനത്തിനായി നിയമിക്കേണ്ടി വരികയാണെന്ന് അസോസിയേഷന് ഓഫ് പ്രിന്സിപ്പാള്സ് ആന്ഡ് ഡെപ്യൂട്ടി പ്രിന്സിപ്പാള്സ് ഡയറക്ടര് പോള് കോണ് പറഞ്ഞു.
ഇങ്ങനെ അധ്യാപകരുടെ ക്ഷാമമുണ്ടാകുന്നതും മറ്റുള്ളവരെ നിയമിക്കേണ്ടി വരുന്നതും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും അദ്ദഹേം പറഞ്ഞു. മതിയായ യോഗ്യതയുള്ളവരെ കണ്ടുപിടിച്ച് ഒഴിവുകള് നികത്താന് തങ്ങള്ക്ക് കഴിയുന്നില്ലെന്നാണ് അസോസിയേഷനില് കൂടുതല് ആളുകളും അഭിപ്രായപ്പെട്ടത്. ഇതിനാല് താത്ക്കാലിക നിയമനങ്ങള്ക്ക് നിര്ബന്ധിതരാവുകയാണെന്നും ഇവര് പറഞ്ഞു.
വിദ്യാഭ്യാസ മേഖല ഗുണനിലവാരമുള്ളതാക്കാന് മതിയായ യോഗ്യതയുള്ളവരെ സൃഷ്ടിക്കുന്നതിന് അധ്യാപനമേഖലയിലേയ്ക്ക് കൂടുതല് ആളുകള് വരുന്നതിനെ പ്രോത്സാഹിപ്പിക്കാന് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്നും ഗാല്വേയില് നടന്ന അസോസിയേഷന് വാര്ഷിക യോഗത്തില് ആവശ്യമുയര്ന്നു.