അയര്ലണ്ടില് പുതിയ കോവിഡ് വാക്സിന് അംഗീകാരം നല്കി. ആരോഗ്യ മന്ത്രി സ്റ്റീഫന് ഡോണ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോവാ വാക്സിന്റെ കോവിഡ് വാക്സിനായ നുവാക്സോവിഡിനാണ് അംഗീകാരം ലഭിച്ചത്. നേരത്തെ തന്നെ യൂറോപ്യന് മെഡിസിന്സ് ഏജന്സിയുടെ അംഗീകാരം ലഭിച്ച വാക്സിനാണിത്. ഇത് അയര്ണ്ടില് അംഗീകാരം ലഭിക്കുന്ന അഞ്ചാമത്തെ വാക്സിനാണ്.
പ്രൈമറി വാക്സിനേഷനായും ഒപ്പം ബൂസ്റ്റര് ഡോസിനായും ഈ വാക്സിന് ഉപയോഗിക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന് ഡോണ്ലി പറഞ്ഞു. നുവാക്സോവിഡ് ഒരു പ്രോട്ടീന് ബെയ്സ്ഡ് വാക്സിനാണ്. അടുത്ത മാസം മുതല് ഈ വാക്സിന് ലഭ്യമായി തുടങ്ങുമെന്നും ആരോഗ്യമന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
മൂന്നാഴ്ചത്തെ ഇടവേളയില് രണ്ട് ഡോസായാണ് ഈ വാക്സിന് നല്കുന്നത്. കോവിഡിനെ പ്രതിരോധിക്കാന് കൂടുതല് വാക്സിനുകളെത്തുന്നത് നിയന്ത്രണങ്ങള് ഒഴിവാക്കിയ ഈ ഘട്ടത്തില് രാജ്യത്തിന്റെ കോവിഡിനെതിരായ പോരാട്ടത്തില് കൂടുതല് കരുത്താകും.