പണപ്പെരുപ്പം കുറയുന്നത് വിലക്കയറ്റത്തെ നേരിയ തോതിലെങ്കിലും പിന്നോട്ട് വലിക്കേണ്ടതാണ് എന്നാല് അയര്ലണ്ടില് പണപ്പെരുപ്പം കുറയുന്നു എന്ന വാര്ത്തകള് പുറത്തുവരുന്നുണ്ടെങ്കിലും തങ്ങളുടെ നിത്യചെലവില് അണുവിട കുറവുണ്ടാകുന്നില്ലെന്നാണ് ജനസംസാരം.
അയര്ലണ്ടിലെ കാര്യമെടുത്താല് ഫെബ്രുവരിയില് 8.5 ശതമാനമായിരുന്ന പണപ്പെരുപ്പം മാര്ച്ചില് 7.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ 11 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഊര്ജ്ജത്തിന്റെയും ഭക്ഷണ ഉത്പ്പന്നങ്ങളുടേയും ഒഴിവാക്കിയാണ് ഈ കണക്കെന്നാണ് റിപ്പോര്ട്ടുകള്.
ഒരു വര്ഷത്തില് നിരവധി തവണയാണ് ഊര്ജ്ജത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടേയും വില വര്ദ്ധനവ് ഉണ്ടായത്. എന്നാല് ഊര്ജ്ജത്തിന്റെ മൊത്തവില കുറഞ്ഞിട്ടും യുക്രൈന് യുദ്ധത്തിന്റെ ആദ്യനാളുകളിലെ പ്രതിസന്ധി യൂറോപ്പ് തരണം ചെയ്തിട്ടും വിലക്കുറവ് മാത്രം സംഭവിച്ചിട്ടില്ല.