അയര്ലണ്ടില് പഴയ വീടുകള് വാങ്ങുന്നതിന് സഹായം പ്രഖ്യാപിച്ച് സര്ക്കാര്. വാസയോഗ്യമല്ലാത്ത പഴയ വീടുകള് വാങ്ങി അറ്റകുറ്റപണികള് നടത്തി വാസയോഗ്യമാക്കി ഉപയോഗിക്കാനാണ് ഗ്രാന്റ് നല്കുന്നത്. ആദ്യ തവണ വാങ്ങലുകാര്ക്കാണ് സഹായം എന്നതാണ് പ്രധാന വസ്തുത. ഭവനകാര്യ മന്ത്രി ഡാരാ ഒബ്രിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 20,000 യൂറോ മുതല് 30,000 യൂറോ വരെ ഇതിനായി ലഭിക്കും.
നിലവില് അയര്ലണ്ടില് വാസയോഗ്യമല്ലാത്തതിനാല് ഒഴിഞ്ഞു കിടക്കുന്ന ഒരു ലക്ഷത്തോളം വീടുകളുണ്ടെന്നാണ് പഠന റിപ്പോര്ട്ട്. രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനും ഇതൊരു നല്ല മാര്ഗ്ഗമാണെന്ന് മന്ത്രി പറഞ്ഞു. അടുത്ത മാസം ആദ്യത്തോടെ ഇതിനായുള്ള നടപടി ക്രമങ്ങള് ആരംഭിക്കും.
നിലവില് പ്രവര്ത്തിക്കുന്നില്ലാത്തതും ഉപയോഗ ശൂന്യവുമായ പബ്ബുകളെ വീടുകളാക്കി മാറ്റാനും പദ്ധതിയുണ്ട്. പ്ലാനിംഗ് അനുമതിയില്ലാതെ തന്നെ ഇത്തരം പബ്ബുകള് വീടുകളാക്കി മാറ്റാന് അനുമതി നല്കുന്ന നിയമം ഉടന് പാസാക്കാനാണ് ഭവനകാര്യ വകുപ്പിന്റെ തീരുമാനം.