രാജ്യത്ത് കോവിഡ് ബൂസ്റ്റര് ഡോസ് വാക്സിന് സ്വീകരിച്ച ആളുകളില് ഇനിയും നിരവധി പേര്ക്ക് മൂന്നാം ഡോസ് വാക്സിന്റെ വിവരങ്ങള് ഉള്പ്പെടുത്തിയ സര്ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് റിപ്പോര്ട്ടുകള്. ഏതാണ്ട് 80,000 ത്തോളം ആളുകളാണ് സര്ട്ടിഫിക്കറ്റുകള്ക്കായി കാത്തിരിക്കുന്നത്. വിദേശയാത്രകള് ആവശ്യമായവര്ക്കാണ് ഇത് ഏറ്റവും തിരിച്ചടിയാകുന്നത്.
പല രാജ്യങ്ങളിലും ക്വാറന്റൈന് ഇല്ലാതെ പ്രവേശിക്കണമെങ്കില് ബൂസ്റ്റര് ഡോസ് സ്വീകരിച്ചതിന്റെ സര്ട്ടിഫിക്കറ്റ് ആത്യന്താപേക്ഷിതമാണ്. മാത്രമല്ല ആദ്യ രണ്ട് ഡോസുകള് സ്വീകരിച്ചിട്ട് ഒമ്പത് മാസം കഴിഞ്ഞവരാണെങ്കില് അവരുടെ സര്ട്ടിഫിക്കറ്റ് പല രാജ്യങ്ങളും അംഗീകരിക്കുന്നില്ല. ഇതിനാലാണ് എത്രയും വേഗം ബൂസ്റ്റര് ഡോസുകൂടി ഉള്പ്പെടുത്തിയ സര്ട്ടിഫിക്കറ്റ് നല്കണമെന്ന ആവശ്യം ശക്തമാകുന്നത്.
എന്നാല് വാക്സിന് സ്വീകരിച്ചു കഴിഞ്ഞാല് 24 മുതല് 48 മണിക്കൂറിനകം വാക്സിന് സര്ട്ടിഫിക്കറ്റ് ആളുകളുടെ മെയിലിലേയ്ക്ക് എത്തുമെന്നും എന്നാല് വിവരങ്ങള് നല്കിയപ്പോള് ഇമെയില് വിശദാംശങ്ങള് നല്കാത്തവര്ക്കാണ് സര്ട്ടിഫിക്കറ്റുകള് ലഭിക്കാത്തതെന്നും എച്ച്എസ്ഇ വക്താവ് അറിയിച്ചു.