സൂക്ഷിച്ചാൽ ദുഖിക്കേണ്ട. അയർലണ്ടിൽ പുതിയതായി എത്തിയ മലയാളികളെ ചതിയിൽ പെടുത്തി സെക്കന്റ് ഹാൻഡ് കാർ കച്ചവടക്കാർ. ഈ ചതി ചെയ്യുന്നത് മലയാളികളായ ചെറുകിട കച്ചവടക്കാർ തന്നെയെന്നതും ശ്രദ്ധിക്കണം. രെജിസ്റ്റർ ചെയ്യാതെ നിയമ വിരുദ്ധമായി സെക്കന്റ് ഹാൻഡ് കാർ വില്പന നടത്തുന്ന മലയാളികളുടെ ചതിയിൽ പെട്ട നിരവധി പുതിയ കുടിയേറ്റക്കാരായ മലയാളികൾ അയർലണ്ടിലുണ്ട്. പറ്റിയ അബദ്ധം നാണക്കേട് മൂലം പുറത്തു പറയാത്തവരുമുണ്ട് എന്നറിയുന്നു.
പുതിയതായി അയർലണ്ടിലേക്ക് കുടിയേറുന്നവരുടെ അജ്ഞതയെ ചൂഷണം ചെയ്യുകയാണ് ഈ ചതിയന്മാരായ വാഹന വിൽപനക്കാർ ചെയ്യുന്നത്. പ്രധാനമായും ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത കാറുകൾ ഇമ്പോർട്ട് ചെയ്തതാണെന്ന വിവരം വെളിപ്പെടുത്താതെയാണ് ഇവർ വാഹനങ്ങൾ വിൽക്കുന്നത്. ഇമ്പോർട്ട് ചെയ്ത വാഹനങ്ങൾക്ക് അയർലണ്ടിൽ ഡിമാൻഡും വിലയും കുറവാണെന്ന വിവരം അറിയാത്തവരാണ് ചതിയിൽ പെടുന്നത്. ഇമ്പോർട്ട് ചെയ്ത വാഹനങ്ങളിൽ പലതും അതാത് രാജ്യങ്ങളിൽ വലിയ ആക്സിഡന്റിൽ പെട്ടവയാണെന്നതും ഒരു വസ്തുതയാണ്.
ഇതുപോലെ തന്നെ പുതിയ ടയറുകൾ എന്ന് പറഞ്ഞു കൊടുക്കുന്ന ടയറുകൾ നിലവാരം തീരെ കുറഞ്ഞ ചൈനീസ് ടയറുകളാണെന്ന് “പോളിടെക്നിക്” പഠിക്കാത്ത സാധാരണക്കാർക്കും മനസിലാക്കാൻ സാധിക്കുന്നില്ല.
ബിസിനസ് രജിസ്റ്റർ ചെയ്ത സെക്കന്റ് ഹാൻഡ് വിൽപ്പനക്കാർ ആറ് മാസം മുതൽ രണ്ടു വർഷം വരെ സെക്കന്റ് ഹാൻഡ് കാറുകൾക്ക് വാറണ്ടി കൊടുക്കുമ്പോൾ, ഈ ചതിയന്മാരായ മലയാളി കച്ചവടക്കാർ ഒരു വാറന്റിയും കൊടുക്കുന്നില്ല എന്നും ഓർക്കുക. പിന്നീടുണ്ടാകുന്ന കേടുപാടുകൾക്ക് സ്പെയർ പാർട്സിനേക്കാൾ കൂടുതൽ ലേബർ ചാർജ് ആകുമെന്ന കാര്യവും പുതിയതായി അയർലണ്ടിലേക്ക് കുടിയേറിയ മലയാളികൾക്ക് അറിയില്ല എന്നതും ഓർക്കണം.
ഈ ചതി ചെയ്യുന്ന മലയാളികളായ വിൽപനക്കാർ ക്യാഷ് പേയ്മെന്റ് മാത്രമാണ് കാർ വാങ്ങിക്കുന്നവരുടെ കൈയ്യിൽ നിന്നും സ്വീകരിക്കുന്നത്. കാർഡ് പേയ്മെന്റും, ബാങ്ക് ട്രാൻസ്ഫർ ഓപ്ഷനും ഇവർ ലഭ്യമാക്കാത്തതും ഇവർക്കെതിരെയുള്ള തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാനാണ്.
ഇത് കൂടാതെ, വലിയ സാമ്പത്തിക തട്ടിപ്പും ഈ വാഹന കച്ചവടത്തിന്റെ പുറകിൽ നടക്കുന്നുമുണ്ട്. നാട്ടിൽ നിന്നും പുതിയതായി എത്തിയ ചിലരെ ഇഷ്ടപ്പെടുന്ന ഒരു വാഹനം കാണിച്ച് ആദ്യം തന്നെ ഇവർ പണം കൈക്കലാക്കും. ഈ വാഹനം VRT, NCT തുടങ്ങിയ കാര്യങ്ങൾക്ക് ശേഷം ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ വാഹനം ഡെലിവറി കൊടുക്കാമെന്ന് പറഞ്ഞാണ് പണം കൈ പറ്റുന്നത്. എന്നാൽ, രണ്ട് ആഴ്ചയ്ക്ക് ശേഷം എന്തെങ്കിലും വിശ്വാസയോഗ്യമായ കാരണം പറഞ്ഞു ആ വാഹനം കൊടുക്കില്ല. ഇതിലും നല്ല വാഹനം ഉടൻ തന്നെ കൊടുക്കാമെന്ന് മോഹന വാഗ്ദാനം കൊടുത്ത് മാസങ്ങളോളം ഈ തുക വിൽപനക്കാർ കൈവശം വയ്ക്കും.
പുതിയതായി അയർലണ്ടിലെത്തിയ മിക്കവാറും മലയാളികളുടെ കൈയ്യിൽ ഒരു കാർ വാങ്ങാൻ ആവശ്യമായ പണവും ആദ്യകാലങ്ങളിൽ ഉണ്ടാവില്ല. ഇത്തരക്കാർക്ക് മുകളിൽ പറഞ്ഞ രീതിയിൽ കൈക്കലാക്കിയ പണം കൊള്ള പലിശയ്ക്ക് കൊടുക്കുകയും ഇവർ ചെയ്യുന്നതായി അറിയുന്നു.
ഇക്കാര്യങ്ങളിൽ ചിലത് മലയാളികളല്ലാത്ത കച്ചവടക്കാരും ചെയ്യുന്നത് തന്നെയാവാം. എന്നാലും, ചതിക്കുഴിയിൽ പെടാതെ സൂക്ഷിക്കുക.
ഇവിടെ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങൾ ഏതൊരു കച്ചവടക്കാരും ചെയ്യുന്നുണ്ടാകാം. മലയാളികൾ മാത്രമല്ല എന്നോർക്കണം. അതുപോലെ തന്നെ നല്ല രീതിയിൽ വാഹന വ്യാപാരം ചെയ്യുന്ന മലയാളികൾക്കും ഇക്കൂട്ടർ നാണക്കേടുണ്ടാക്കുകയാണ് ഈ രീതിയിലുള്ള സംഭവങ്ങൾ വഴി. അതിനാൽ, നിങ്ങൾ ഒരു സെക്കന്റ് ഹാൻഡ് വാഹനം ആരുടെ കൈയ്യിൽ നിന്ന് വാങ്ങിയാലും സൂക്ഷിക്കുക. സെക്കന്റ് ഹാൻഡ് ഹാൻഡ് കാർ വാങ്ങി പരിചയമുള്ള വിശ്വസിക്കാവുന്ന ഒരു സുഹൃത്തിനെ കൂടെ കൂട്ടുന്നത് നന്നായിരിക്കും.