കോവിഡ് -19 പകർച്ചവ്യാധിയെ നേരിടാൻ അയർലണ്ടിന് 23 മില്യൺ യൂറോ അഡ്വാൻസ് പേയ്മെന്റ് ലഭിക്കാൻ യൂറോപ്യൻ പാർലമെന്റ് അംഗീകാരം. വലിയ തോതിലുള്ള ദുരന്തങ്ങൾക്ക് സാധാരണയായി ഉപയോഗിക്കുന്ന ഇ.യു സോളിഡാരിറ്റി ഫണ്ടിൽ നിന്നാണ് അയർലൻഡിന് ഈ തുക ലഭിക്കുക.
പാൻഡെമിക് വരുത്തിയ ചെലവുകളെ സഹായിക്കാൻ അയർലണ്ടിന് ഏകദേശം 100 മില്യൺ യൂറോ ധനസഹായം ലഭിക്കും. ആരോഗ്യ സേവനത്തെ സഹായിക്കാൻ ഈ പണം ഉപയോഗിക്കുമെന്ന് ഡബ്ലിനിലെ ഫിയന്ന ഫൈൽ എംഇപി ബാരി ആൻഡ്രൂസ് അറിയിച്ചു. ഇത് പ്രകൃതി ദുരന്തങ്ങൾക്ക് സാധാരണയായി ഉപയോഗിക്കുന്ന ഒരു ഫണ്ടാണ്, അതിനാൽ കോവിഡിന്റെ ഫലമായി ഉണ്ടായ സമ്മർദ്ദങ്ങളെ ചെറുക്കുവാൻ ഐറിഷ് ആരോഗ്യ സേവനത്തിൽ ഇത് വളരെ ഗുണം ചെയ്യും.
വൈറസിന്റെ രണ്ടാം തരംഗമുണ്ടായിട്ടും കോവിഡുമായി ബന്ധപ്പെട്ട സർവീസുകൾ പ്രധാനമായും നിലനിർത്തുന്ന ആരോഗ്യ സേവനമാണ് ഈ വാർത്തയെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നത്. ഇന്ന് രാവിലെ വരെ, ഐറിഷ് ആശുപത്രികളിൽ 291 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു (ഇന്നലെ വൈകുനേരത്തെയും ചേർത്ത്), 33 രോഗികൾ ICU-വിൽ ചികിത്സയിലാണ്.