ഡബ്ലിൻ വിമാനത്താവളത്തിലെ രണ്ട് പുതിയ കോവിഡ് -19 ടെസ്റ്റ് സെന്ററുകളിൽ ഒന്ന് ഇന്ന് തുറക്കും, രണ്ടാമത്തേത് ഈ ആഴ്ച അവസാനവും. അന്താരാഷ്ട്ര യാത്രകൾക്കായി യൂറോപ്യൻ യൂണിയന്റെ (EU) പുതിയ ട്രാഫിക് ലൈറ്റ് സംവിധാനത്തിന്റെ ഭാഗമായാണ് സ്വകാര്യമായി പ്രവർത്തിക്കുന്ന കോവിഡ് ടെസ്റ്റിംഗ് സൗകര്യങ്ങൾ സ്ഥാപിച്ചിരിക്കുന്നത്, കാരണം പല രാജ്യങ്ങളും യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രക്കാർക്ക് നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് നൽകണമെന്ന് ആവശ്യപ്പെടുന്നു.
യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഡബ്ലിൻ എയർപോർട്ടിൽ ഡ്രൈവ്-ത്രൂ അഥവാ വാക്ക്-ഇൻ ടെസ്റ്റ് നടത്താൻ കഴിയും, ഇന്ന് ഡ്രൈവ്-ത്രൂ തുറക്കുന്നു. ടെസ്റ്റിംഗ് കപ്പാസിറ്റി പ്രതിദിനം 12,000 വരെ ആയിരിക്കും, എന്നാൽ ഇത് ഉടൻ തന്നെ പ്രതിദിനം 15,000 ആയി ഉയർത്തുമെന്ന് എയർപോർട്ട് ഓപ്പറേറ്റർ ഡിഎഎ അറിയിച്ചു.
റെഡ് സോൺ രാജ്യങ്ങൾ എന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് അയർലണ്ടിലെത്തുന്ന യാത്രക്കാർ നിലവിൽ 14 ദിവസത്തേക്ക് സെല്ഫ് ഐസൊലേഷനിൽ ആയിരിക്കണം. നെഗറ്റീവ് പിസിആർ കോവിഡ് -19 ടെസ്റ്റ് നടത്തിയിട്ടുണ്ടെങ്കിൽ നവംബർ 29 മുതൽ അഞ്ച് ദിവസത്തേക്ക് മാത്രമായി സെല്ഫ് ഐസൊലേഷൻ മതിയാകും. എല്ലാ ഉപഭോക്താക്കളും ഡബ്ലിൻ എയർപോർട്ട് വെബ്സൈറ്റിൽ ലഭ്യമായ ബുക്കിംഗ് പോർട്ടലുകളിലേക്കുള്ള ലിങ്കുകൾ ഉപയോഗിച്ച് റാൻഡോക്സ്, റോക് ഡോക്ക് കമ്പനികളുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അവരുടെ ടെസ്റ്റ് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്.
യൂറോപ്യൻ യൂണിയൻ ട്രാഫിക് ലൈറ്റ് സംവിധാനത്തിന്റെ പരിധിയിൽ വരുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ “ഉയർന്ന ജാഗ്രത പാലിക്കാൻ” സ്റ്റേറ്റ് പൊതുജനങ്ങളെ ഉപദേശിക്കുന്നു. “അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക” എന്നതാണ് മറ്റ് രാജ്യങ്ങൾക്കുള്ള ഉപദേശം. നിലവിൽ, “ഗ്രീൻ” ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് അയർലണ്ടിലെത്തുന്ന ആളുകൾക്ക് ട്രാഫിക് ലൈറ്റ് സംവിധാനത്തിൽ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടതില്ല.