അയര്ലണ്ടിലേയ്ക്ക് സന്ദര്ശക വിസയെടുത്തു യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്ക്ക് സന്തോഷ വാര്ത്ത. സന്ദര്ശക വിസകള് നല്കുന്നത് അയര്ലണ്ട് പുനരാരംഭിക്കുന്നു. സെപ്റ്റംബര് 13 തിങ്കളാഴ്ച മുതല് സന്ദര്ശക വിസകള്ക്കുള്ള അപേക്ഷകള് സ്വീകരിച്ചു തുടങ്ങും. കോവിഡ് രോഗവ്യാപനത്തെ തുടര്ന്ന് അയര്ലണ്ട് മറ്റു രാജ്യങ്ങളില് നിന്നുള്ളവര്ക്ക് നല്കുന്ന എല്ലാവിധ വിസകളും നിര്ത്തിവച്ചിരുന്നു.
ഇതിനുശേഷമാണ് സ്പൗസ് വിസ അനുവദിച്ചത്. അപ്പോളും സന്ദര്ശക വിസക്കാര്ക്ക് വിലക്കുണ്ടായിരുന്നു . ഈ നിയന്ത്രണമാണ് ഇപ്പോള് എടുത്തു മാറ്റിയിരിക്കുന്നത്. മലയാളികളടക്കം അയര്ലണ്ടില് സ്ഥിര താമസമാക്കിയ നിരവധി പേര്ക്ക് ആശ്വാസം നല്കുന്ന വാര്ത്തയാണിത് . മാതാപിതാക്കളടക്കം തങ്ങളുടെ പ്രിയപ്പെട്ടവരെ കുറഞ്ഞകാലത്തേയ്ക്കാണെങ്കിലും സന്ദര്ശക വിസയില് ഒപ്പം കൊണ്ടുവന്നു നിര്ത്താന് ഇവര്ക്ക് സാധിക്കും.
അയര്ലണ്ടിലെ എല്ലാവിധ കോവിഡ് പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ടായിരിക്കും സന്ദര്ശക വിസക്കാര്ക്ക് അയര്ലണ്ടില് പ്രവേശനം നല്കുന്നത്. കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതിന്റെയൊ കോവിഡ് രോഗം വന്നു ഭേദമായതിന്റെയോ സര്ട്ടിഫിക്കറ്റും നെഗറ്റീവ് ആര്ടിപിസിആര് സര്ട്ടിഫിക്കറ്റും സന്ദര്ശക വിസയില് വരുന്നവര് കൈവശം കരുതേണ്ടതാണ്.
സന്ദര്ശക വിസയുമായി ബന്ധപ്പെട്ട കുടുതല് വിവരങ്ങള്ക്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക
https://www.dfa.ie/irish-embassy/india/visas/applying-for-irish-visa/