ഇന്ത്യയില് നിന്നടക്കം യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേയ്ക്ക് കുടിയേറാന് കാത്തിരിക്കുന്നവര് നിരവധിയാണ്. എന്തെങ്കിലും ഒരു ജോലി സമ്പാദിച്ച് യൂറോപ്പിലെത്തുകയും അവിടെ സ്ഥിരതാമസമുറപ്പാക്കുകയുമാണ് ഇവരുടെ ലക്ഷ്യം. ഈ അടുത്ത കാലത്തായി ലേബര് കാറ്റഗറിയില് ഇന്ത്യയില് നിന്നടക്കം നിരവധിയാളകളെ യൂറോപ്യന് രാജ്യങ്ങള് റിക്രൂട്ട് ചെയ്യുന്നുമുണ്ടായിരുന്നു.
എന്നാല് റഷ്യ യുക്രൈനെ ആക്രമിക്കുകയും യുക്രൈന് ജനത അഭയം തേടി നിരവധി മറ്റു യൂറോപ്യന് രാജ്യങ്ങളിലേയ്ക്ക് അഭയാര്ത്ഥികളായി എത്തുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇങ്ങനെ എത്തുന്നവര് ഓരോ യൂറോപ്യന് രാജ്യത്തും നിരവധിയാണ്. പോളണ്ട് , റൊമാനിയ, എന്നിവയടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് ആളുകളുടെ കുത്തൊഴുക്കാണ്.
ഇത്രയധികം ആളുകള് എത്തുമ്പോള് ഇവിടങ്ങളിലെ തൊഴിലിടങ്ങളില് നിലവിലുള്ള ക്ഷാമം തീരുമെന്നാണ് കരുതുന്നത്. യുക്രൈനില് നിന്നും അഭയം തേടിയെത്തുന്നവരെ കാര്യമായി സഹായിക്കുക എന്നതാണ് യൂറോപ്യന് യൂണിയന്റെ നയവും. ഇതിനാല് തന്നെ യൂറോപ്പിന് പുറത്തുനിന്നും അതായത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില് നിന്നും ഇപ്പോള് നടന്നുകൊണ്ടിരിക്കുന്ന റിക്രൂട്ട്മെന്റുകളെ ഇത് ബാധിക്കുമെന്നാണ് സാമ്പത്തീക മേഖലയിലെ വിദഗ്ദരടക്കം ഇപ്പോള് വിലയിരുത്തുന്നത്.
യുക്രൈനില് നിന്നെത്തുന്നവര്ക്ക് ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളിലെ നൈപുണ്യവും ഒപ്പം യൂറോപ്യന് സംസ്കാരത്തോട് ഒത്തുപോകുന്ന ജീവിതശൈലിയും തൊഴില്മേഖലകളിലടക്കം മറ്റു രാജ്യങ്ങളില് നിന്നുള്ളവരേക്കാള് മുന്ഗണന ലഭിക്കുന്നതിന് കാരണമാകും.