രാജ്യത്തെ പൊതുജന സേവന മേഖലയില് ജോലി ചെയ്യുന്നവരുടെ ജോലി സമയം കുറയ്ക്കുന്നു. മുമ്പുണ്ടായിരുന്ന സമയക്രമത്തിലേയ്ക്ക് തിരികെയെത്തിക്കാനാണ് സര്ക്കാര് നിയോഗിച്ച സ്വതന്ത്ര സമിതി ശുപാര്ശ ചെയ്തത്. 2013 ലെ ഹാര്ഡിംഗ്ടണ് റോഡ് എഗ്രിമെന്റനുസരിച്ചായിരുന്നു ഇവരുടെ ജോലി സമയം 37 മുതല് 39 മണിക്കൂര് വരെ ഉയര്ത്തിയത്.
നേരത്തെ 35 മുതല് 37 വരെ മണിക്കൂര് ആഴചയില് ജോലി ചെയ്തിരുന്നവരാണ് ഇപ്പോള് 39 മണിക്കൂര് ജോലി ചെയ്യുന്നത്. 35 മണിക്കൂര് അല്ലെങ്കില് അതില് കുറവ് ജോലി സമയം ഉണ്ടായിരുന്നവരുടേതാണ് 37 മണിക്കൂറിലേയ്ക്ക് ഉയര്ത്തിയത്. ഇതി തിരികെ പഴയ നിലയിലേയ്ക്കാക്കാനാണ് ഇപ്പോള് ശുപാര്ശ ചെയ്തിരിക്കുന്നത്.
ജൂലൈ ഒന്ന് മുതല് ജോലി സമയം കുറയ്ക്കണമെന്നാണ് ശിപാര്ശ. കുറഞ്ഞത് 35 മണിക്കൂറാവും ജോലി ചെയ്യേണ്ടി വരിക. ജോലി സമയമുയര്ത്തിയത് നഴ്സുമാരടക്കമുള്ള സ്ത്രീ ജീവനക്കാരെ വളരെ ദോഷകരമായി ബാധിച്ചെന്നും ഇതിനാല് തന്നെ പ്രൊഡക്ടിവിറ്റി കുറഞ്ഞെന്നും കമ്മീഷന്റെ റിപ്പോര്ട്ടില് പറയുന്നു.
മുന് വര്ക്ക് പ്ലെയ്സ് റിലേഷന്സ് കമ്മീഷന് ചീഫ് എക്സിക്യൂട്ടിവായിരുന്ന കിയെറാന് മുള്വേ അധ്യക്ഷനായ സമിതിയാണ് പുതിയ ശുപാര്ശ സര്ക്കാരിന് മുന്നില് വെച്ചിരിക്കുന്നത്.