ഹോസ്പിറ്റലുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ബുക്ക് ചെയ്ത് വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്ളത് 75 വയസ്സിന് മുകളിലുള്ള 86000 പേര്. ഇതില്‍ തന്നെ 28000 പേര് ഒരു വര്‍ഷത്തിലധികമായി കാത്തിരിക്കുന്നവരാണ്. പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 13295 പേര് രണ്ടു വര്‍ഷത്തിലധികമായി കാത്തിരിക്കുന്നവരാണ്. കാല്‍മുട്ട് മാറ്റിവെയ്ക്കല്‍ , ഹിപ്പ് റീപ്ലെയ്സ്മെന്റ് എന്നിവയുള്‍പ്പെടെ വിവിധ സര്‍ജറികള്‍ക്കാണ് ആളുകള്‍ കാത്തിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് ആശുപത്രികളിലെ നിയന്ത്രണങ്ങളും തിരക്കും ഒപ്പം ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവിന്റെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടതും ഇത്രയധികം ആളുകള്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ വരുന്നതിന് കാരണമായതായാണ് വിശദീകരണം. 75 വയസ്സിന് മുകളിലുള്ളവരുടെ മാത്രം കണക്കാണ് 86000. എല്ലാ പ്രായപരിധിയിലുമുള്ള ആളുകളുടെ കണക്കെടുത്താല്‍ 900,000 ത്തോളം ആളുകള്‍ വരുമെന്നാണ് കരുതുന്നത്. Share This News
രാജ്യത്തെ സ്കൂളുകള്‍ തിങ്കളാഴ്ച മുതല്‍ സാധാരണ നിലയിലേയ്ക്ക്
അടുത്ത തിങ്കളാഴ്ച മുതല്‍ രാജ്യത്തെ സ്കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയതിന്റെ ഭാഗമായി സ്കൂളുകളിലെ സാമൂഹ്യ അകല നിബന്ധന എത്രയും വേഗം ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കുന്നത് പഠിപ്പിക്കുന്നതിനേയും പഠിക്കുന്നതിനേയും ദോഷകരമായി ബാധിക്കുന്നു എന്ന വിലയിരുത്തലിലാണ് ഈ നടപടി. തിങ്കളാഴ്ച മുതല്‍ പാഠ്യ – പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എല്ലാം പഴയ രീതിയില്‍ തന്നെ നടക്കും. ഗാന പരിശീലനം , മ്യൂസിക് പരിശീലനം വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം എന്നിവയും ഉടന്‍ ആരംഭിക്കും. കോവിഡുമായി ബന്ധപ്പെട്ട യാതൊരു നിയന്ത്രണങ്ങളും സ്കൂളുകളില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. അധ്യാപകരും രക്ഷാകര്‍ത്താക്കളും തമ്മിലുള്ള കൂടിക്കാഴ്ചകളും ഉടന്‍ ആരംഭിക്കും. Share This News
അനധികൃത പാര്‍ക്കിംഗ് : പിഴത്തുകയില്‍ വന്‍ വര്‍ദ്ധന
ഡബ്ലിനില്‍ അനധികൃത പാര്‍ക്കിംഗ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. അനധികൃത പാര്‍ക്കിംഗിന് പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്ക് ഈടാക്കുന്ന പിഴത്തുകയില്‍ 56 ശതമാനം വര്‍ദ്ധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. ഗതാഗത മന്ത്രി ഇമോന്‍ റയാനാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് ഒന്ന് മുതലാണ് പുതുക്കിയ പിഴ നിലവില്‍ വരുന്നത്. ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അനധികൃത പാര്‍ക്കിംഗിന് ഈടാക്കുന്ന തുക 125 യൂറോയാക്കിയാണ് ഇതോടെ ഉയര്‍ത്തിയത്. മുമ്പ് ഇത് 80 യൂറോയായിരുന്നു. 1988 ല്‍ നിശ്ചയിച്ച പിഴത്തുകയാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. 2020 ജൂലൈ മാസത്തിലാണ് അനധികൃത പാര്‍ക്കിംഗിനുള്ള പിഴത്തുക വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഗതാഗത വകുപ്പിനെ സമീപിച്ചത്. Share This News
മാസ്ക് വേണമെന്ന് ഇനി നിയമമില്ല എന്നാലും ഒഴിവാക്കരുത്
രാജ്യത്തെ സുപ്രധാന കോവിഡ് നിയന്ത്രണങ്ങളിലൊന്നായിരുന്ന മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അതിശക്തമായ കോവിഡ് നിയന്ത്രണങ്ങളില്‍ നിന്നും മാസ്ക് പോലും ധരിക്കേണ്ടതില്ല എന്ന തീരുമാനത്തിലേയ്ക്കുള്ള അയര്‍ലണ്ടിന്റെ മാറ്റം ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. കോവിഡിനെ പേടിക്കേണ്ട മറിച്ച് കോവിഡിനൊപ്പം തന്നെ പരമാവധി ജാഗ്രതയോടെ മുന്നോട്ട് പോകാമെന്നതാണ് ഭരണകൂടത്തിന്റെ നയം. അടുത്ത തിങ്കളാഴ്ച മുതലാകും നിയന്ത്രണങ്ങള്‍ ഒഴിവാകുക. എന്നാല്‍ ചീഫ് മെഡിക്കല്‍ ഓഫീസറും ആരോഗ്യമന്ത്രിയുമടക്കം പറയുന്ന ചില കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്. മാസ്ക് ധരിക്കണമെന്ന നിയമത്തിലെ നിബന്ധന എടുത്തുമാറ്റുകയാണെങ്കിലും ആളുകള്‍ മാസ്ക് ധരിക്കുന്നതാവും നിലവിലെ സാഹചര്യത്തില്‍ ഉചിതം എന്നാണ് ഇവര്‍ പറയുന്നത്. പ്രത്യേകിച്ച് പൊതുഗതാഗത സംവിധാനങ്ങളിലും നിരവധി ആളുകള്‍ കൂടുന്ന മറ്റിടങ്ങളിലും . എന്തായാലും ഇനി മാസ്ക് ധരിക്കാന്‍ പറഞ്ഞ് വടിയുമായി പിന്നില്‍ സര്‍ക്കാര്‍ ഉണ്ടാവില്ല. എന്തുവേണമെന്ന് സ്വയം തീരുമാനിക്കാം Share This News
12-15 പ്രായത്തിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്
രാജ്യത്ത് കോവിഡിനെതിരെ കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 12 മുതല്‍ 15 വയസ്സുവരെയുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്കാന് ആലോചന. ദേശീയ രോഗപ്രതിരോധ ഉപദേശക സമതിയാണ് സര്‍ക്കാരിനോട് ഇക്കാര്യം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ നിര്‍ദ്ദേശം ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയും അംഗീകരിച്ചിട്ടുണ്ട്. നിലവില്‍ ഫൈസര്‍ വാക്സിന് 12-15 പ്രായപരിധിയിലുള്ളവര്‍ക്ക് തങ്ങളുടെ വാക്സിന് നല്‍കാനുള്ള അംഗീകാരത്തിനായി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയെ സമീപിച്ചിട്ടുണ്ട്. രാജ്യത്ത് 12-15 പ്രായപരിധിയിലുള്ളവരില്‍ 70 ശതമാനം കുട്ടികളും ഇതിനകം രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരാണ.് രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചതിന് ശേഷം ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. Share This News
ഫെബ്രുവരി അവസാനത്തോടെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി മാറും
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും എടുത്തുമാറ്റാനുള്ള നെഫറ്റ് (NPHET) നിര്‍ദ്ദേശം സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കും ഇതോടെ കോവിഡ് നിയന്ത്രണങ്ങള്‍ അടുത്തമാസം മുതല്‍ ഉണ്ടാവില്ലെന്ന് ഉറപ്പായി. മന്ത്രിസഭായോഗം ശുപാര്‍ശകള്‍ അംഗീകരിക്കുന്നതോടെ കോവിഡിന് മുമ്പത്തെ സാമൂഹ്യജീവിതാന്തരീക്ഷം തിരികെ എത്തുമെന്നാണ് കരുതുന്നത്. സ്കൂളുകളിലെ അടക്കം മാസ്ക് ധരിക്കലും പൊതു ഇടങ്ങളിലെ മാസ്ക് ധരിക്കലും ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങളാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി 28 വരെ മാത്രമെ നിയന്ത്രണങ്ങള്‍ ഉണ്ടാവൂ എന്നാണ് വിവരം. ഇതിനു ശേഷം നെഫറ്റ് അടക്കമുള്ള സംവിധാനങ്ങളും പിരിച്ച് വിടാന്‍ ചീഫ് മെഡിക്കല്‍ ഓഫീസറും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാക്സിനേഷന് സെന്ററുകളുടെ എണ്ണം കുറയ്ക്കാനും നെഫറ്റില്‍ അടക്കം നിയോഗിച്ചിരിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാരെ തങ്ങളുടെ മാതൃസംഘടനയിലേയ്ക്ക് തിരികെ നിയമിക്കാനും സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. വാക്സിനേഷന് സെന്ററുകളുടെ എണ്ണം കുറയ്ക്കുമ്പോള്‍ ഇവിടങ്ങളിലുള്ള ജീവനക്കാരെയും തിരികെ വിളിയ്ക്കും. Share This News
കോവിഡില്‍ വലിയ ആശ്വാസം ; ഐസിയു കേസുകള്‍ കുറയുന്നു
രാജ്യത്ത് കോവിഡ് കണക്കുകളില്‍ ആശ്വസ വാര്‍ത്തകള്‍ പുറത്തുവരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലത്തെ കണക്കുകള്‍ പ്രകാരം 52 പേര് മാത്രമാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. 2021 സെപ്റ്റംബര്‍ നാലിന് ശേഷം ഏറ്റവും കുറവ് ഐസിയു കേസുകളാണിത്. 595 പേരാണ് രാജ്യത്താകെ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 1865 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആഴ്ചാവസാനങ്ങളില്‍ കോവിഡ് കണക്കുകള്‍ പുറത്തുവിടുന്ന പതിവ് ആരോഗ്യ വകുപ്പ് ഉടന്‍ അവസാനിപ്പിക്കുമെന്നും സൂചനയുണ്ട്. 5 വയസ്സിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനുവേണ്ടി രജിസ്റ്റര്‍ ചെയ്യാനും വാക്സിന് സ്വീകരിക്കാനും ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. Share This News
ഫോർ മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം ട്രെൻഡിങ് ചാർട്ടിൽ
ഫോർ മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്” സീസൺ 1 ലെ അവസാന ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയായിൽ ട്രെൻഡിങ് ചാർട്ടിൽ ഇടം നേടി ശ്രദ്ധേയമാകുന്നു. അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനു സുപരിചിതനായ ഗായകനും ആരോഗ്യ മേഖലാ പ്രവർത്തകനുമായ ‘ലിൻസൻ തോമസ്’ ആലപിച്ച “നിലാ നിലാ”എന്ന് തുടങ്ങുന്ന ഗാനമാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 4 മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ൽ വിനോദ് വേണു എഴുതിയ മനോഹര ഗാനം അയർലണ്ടിലെ പ്രകൃതിസുന്ദരമായ പാർക്കുകളുടെയും ഫോർട്ടുകളുടെയും പാശ്ചാത്തലത്തിൽ ആണ് വിഷ്വൽ ചെയ്തിരിക്കുന്നത്. ഫോർ മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ന്റെ അയർലണ്ട് എപ്പിസോഡിലൂടെയാണ് ലിൻസനെ ഫോർ മ്യൂസിക്സ് കണ്ടെത്തിയത്. സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്ക് അവസരമൊരുക്കുന്ന “മ്യൂസിക് മഗ്ഗി”ലൂടെ അയർലൻഡിൽ നിന്നുള്ള പത്തൊൻപതോളം പുതിയ പാട്ടുകാരെയാണ് ഫോർ മ്യൂസിക്സ് സംഗീതലോകത്തിന് സമ്മാനിച്ചത്. അയർലൻഡിന്റെ മനോഹരമായ…
ഒടുവില്‍ മാസ്ക് മാറ്റാന്‍ പച്ചക്കൊടി
ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ എടുത്ത നിയന്ത്രണങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കുക എന്നത്. മാസ്ക് ജനങ്ങളുടെ ജീവിത ശൈലിയുടെ ഭാഗമായി തന്നെ മാറിയിരുന്നു. കോവിഡ് വിവിധ തരംഗങ്ങളിലൂടെയും വിവിധ വകഭേദങ്ങളിലും ആഞ്ഞടിക്കുമ്പോഴും കോവിഡിനെ പേടിച്ച് കഴിയേണ്ട കോവിഡിനൊപ്പം ജീവിക്കാം എന്ന തീരുമാനത്തിലേയ്ക്കെത്തുകയാണ് രാജ്യങ്ങള്‍. അമേരിക്കയും യുകെയും അടക്കമുള്ള രാജ്യങ്ങള്‍ ഇതിനകം മാസ്ക് എടുത്തു മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ അയര്‍ലണ്ടും നിര്‍ണ്ണായക തീരുമാനത്തിലേയ്ക്ക് എത്തിയിരിക്കുന്നു. പൊതുവിടങ്ങളില്‍ മാസക് നിര്‍ബന്ധമാണെന്ന നിയമം എടുത്തുമാറ്റാന്‍ ഇന്നലെ ചേര്‍ന്ന നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമിന്റെ(NPHET) യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ സ്കൂളുകള്‍, പൊതുഗതാഗതങ്ങള്‍, ടാക്സികള്‍, റീട്ടെയ്ല്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ ഇനി മാസ്ക് ധരിക്കേണ്ടി വരില്ല. റസ്റ്റോറന്‍ന്റ്, പബ്ബുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരേയും നിര്‍ബന്ധിത മാസ്ക് ധാരണത്തില്‍ നിന്നും ഒഴിവാക്കും. എന്നാല്‍…
കൊടുങ്കാറ്റ് മുന്നറിയിപ്പ് ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
യൂനീസ് കൊടുങ്കാറ്റ് രാജ്യത്ത് ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കരുതല്‍ നീക്കങ്ങളുമായി ഭരണകൂടം. ഒമ്പത് കൗണ്ടികളില്‍ സ്കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കി. 130 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊടുങ്കാറ്റിനു മുന്നോടിയായി മഴയും പ്രളയവും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള കോര്‍ക്ക്, കെറി, ക്ലെയര്‍, വാട്ടര്‍ ഫോര്‍ഡ്, എന്നിവിടങ്ങളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള മായോ, സ്ലിഗോ, ലിട്രിം, ഡൊണെഗല്‍, റോസ്കോമണ്‍ എന്നിവിടങ്ങളിലുമാണ് ഇന്ന് അവധി നല്‍കിയിരിക്കുന്നത്. ഡബ്ലിന്‍ , കില്‍ഡെയര്‍ , വിക്ലോ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണെങ്കിലും ഇവിടങ്ങളില്‍ പൊതു അവധികള്‍ പ്രഖ്യാപിച്ചിട്ടില്ല. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സ്ഥപന അധികൃതര്‍ക്ക് തീരുമാനമെടുക്കാം. Share This News