സിക്ക് ലീവ് അവകാശമാക്കുന്ന നിയമം പാസാക്കി പാര്ലമെന്റ്. നേരെത്തെ ഏറെ ചര്ച്ചകള് നടക്കുകയും ജനപ്രിയം എന്ന വിശേഷണം ഇതിനകം നേടുകയും ചെയ്ത സര്ക്കാര് പദ്ധതിയാണിത്. നാല് വര്ഷം കൊണ്ടാണ് പദ്ധതി പൂര്ണ്ണതയിലെത്തുന്നത്. അതായത് നാല് വര്ഷം കഴിഞ്ഞാല് ഒരു ജീവനക്കാരന് ഒരു വര്ഷം 10 ദിവസം ശമ്പളത്തോട് കൂടിയ സിക്ക് ലീവ് ലഭിക്കും.
ആദ്യ വര്ഷം രണ്ട് ദിവസമാകും ലഭിക്കുക. രണ്ടാം വര്ഷം ഇത് അഞ്ച് ദിവസവും മൂന്നാം വര്ഷം ഇത് ഏഴ് ദിവസവും നാലാം വര്ഷം പത്ത് ദിവസവുമാകും സിക്ക് ലീവ് ലഭിക്കുക. അതായത് 2027 മുതല് അയര്ലണ്ടില് ഒരു ജീവനക്കാരന് വര്ഷം 10 ദിവസം സിക്ക് ലീവ് ലഭിക്കും. പ്രതിദിന ശമ്പളത്തിന്റെ 70 ശതമാനമാകും സിക്ക് ലീവ് ദിവസങ്ങളില് ലഭിക്കുക. ഇത് പരമാവധി 110 യൂറോ വരെയാണ്.
ഒരു തൊഴില് ദാതാവിന്റെ കീഴില് കുറഞ്ഞത് 13 ആഴ്ചയെങ്കിലും ജോലി ചെയ്തവര്ക്കായിരിക്കും സിക്ക് ലീവിന് അനുമതി ഉള്ളത്. ഭാവിയില്.ഈ നിയമത്തില് കാലാനുസൃതമായ മാറ്റം വരുത്തണമെന്നും പുതിയ നിയമത്തില് ശുപാര്ശ ചെയ്തിട്ടുണ്ട്. യൂറോപ്യന് രാജ്യങ്ങളില് സിക്ക് ലീവ് സംബന്ധിച്ച് കൃത്യമായ മാനദണ്ഡമില്ലാതിരുന്ന രാജ്യമായിരുന്നു അയര്ലണ്ട്. ഇതോടെ അയര്ലണ്ടിലെ തൊഴില് വിപണി കൂടുതല് ആകര്ഷകമാകുമെന്നാണ് വിലയിരുത്തല്.