ഒരു രാജ്യം തങ്ങളുടെ രാജ്യത്തേയ്ക്ക് മറ്റുരാജ്യങ്ങളില് നിന്നുള്ളവര്ക്ക് വിസയും വര്ക്ക് പെര്മിറ്റുകളും അനുവദിക്കുന്നത്. നിലവില് ആ രാജ്യത്ത് നിന്നും തങ്ങളുടെ രാജ്യത്ത് താമസിക്കുന്ന ആളുകളുടെ ജോലി നൈപുണ്യവും സ്വഭാവവും സംസ്കാരവും ഒക്കെ കൃത്യമായി പഠിച്ചിട്ട് തന്നെയാണ്. ഇതിനാല് തന്നെ നിലവില് അയര്ലണ്ടിലെ ഇന്ത്യന് സമൂഹത്തിന് അഭിമാനിക്കാം. കാരണം. അയര്ലണ്ടിന് ഇന്ത്യയോടും ഇന്ത്യക്കാരോടും പ്രിയമേറുന്നെങ്കില് അതിന് കാരണം ഈ ഇന്ത്യന് സമൂഹമാണ്.
2023 ജനുവരിയില് അയര്ലണ്ട് അനുവദിച്ച വര്ക്ക് പെര്മിറ്റുകളില് ഏറ്റവും കൂടുതല് നല്കിയത് ഇന്ത്യക്കാര്ക്കാണ്. ആകെ 2525 വര്ക്ക് പെര്മിറ്റുകള് അനുവദിച്ചപ്പോള് അതില് 1059 ഉം ഇന്ത്യക്കാണ് ലഭിച്ചത്. സൗത്ത് ആഫ്രിക്കക്ക് 101, പാകിസ്ഥാന് 110, ചൈനയ്ക്ക് 106 ഫിലിപ്പിന്സിന് 227 , ബ്രസീലിന് 187 എന്നിങ്ങനെ ലഭിച്ചപ്പോളാണ് ആകെ അനുവദിച്ചതില് നല്ലൊരുശതമാനം ഇന്ത്യയില് നിന്നുള്ള അപേക്ഷകര്ക്ക് ലഭിച്ചത്.
വര്ക്ക് പെര്മിറ്റ് ലഭിച്ചതില് കൂടുതലും ആരോഗ്യപ്രവര്ത്തകരായിരുന്നു എന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യയില് നിന്നും അയര്ലണ്ട് ജോലി സ്വപ്നം കാണുന്ന നഴ്സുമാരടക്കമുള്ളവര്ക്ക് ഏറെ പ്രതീക്ഷ നല്കുന്നതാണ് ഈ കണക്കുകള്. കഴിഞ്ഞ ഒരു വര്ഷത്തിനിടയില് അയര്ലണ്ടിലേയ്ക്ക് ഏറ്റവുമധികം വിസ ലഭിച്ചതും ഇന്ത്യക്കാര്ക്ക് തന്നെയാണ്.