അയര്ലണ്ടില് ഇമിഗ്രേഷന് പെര്മിഷനുകളുടെ കാലാവധി താത്ക്കാലികമായി നീട്ടി സര്ക്കാര് ഉത്തരവിറക്കി. 2022 മെയ് 31 വരെയാണ് കാലാവധി നീട്ടിയത്. 15 ജനുവരി 2022 നും 31 മെയ് 2022നും ഇടയില് കാലാവധി തീരുന്ന ഇമിഗ്രേഷന് പെര്മിഷനുകളുടെ കാലാവധിയാണ് നീട്ടിയത്.
കോവിഡ് മഹാമാരിയെ തുടര്ന്ന് നേരത്തെ പല സമയങ്ങളില് ഇമിഗ്രഷേന് പെര്മിഷന്റെ കാലാവധി താത്ക്കാലികമായി നീട്ടി നല്കിയിരുന്നു. ഇങ്ങനെ കാലാവധി നീട്ടി കിട്ടിയവര്ക്കും ഇപ്പോള് സര്ക്കാര് പ്രഖ്യാപിച്ചിരിക്കുന്ന കാലാവധി നീട്ടല് ബാധകമാണ്. ഈ ആനുകൂല്ല്യം ലഭിക്കുന്നവര് തീര്ച്ചയായും 2022 മെയ് 31 നോ അല്ലെങ്കില് അതിന് മുമ്പോ തങ്ങളുടെ പെര്മ്മിഷനുകള് പുതുക്കുകയോ അല്ലെങ്കില് രജിസ്റ്റര് ചെയ്യുകയോ ചെയ്യേണ്ടതാണ്.
ഐറീഷ് റസിഡന്സ് കാര്ഡിന്റെ കാലാവധി തീര്ന്നവരും പുതിയതിനായി കാത്തിരിക്കുന്നവര്ക്കും ഈ ആനുകൂല്ല്യം ലഭിക്കും. ഐറീഷ് റെസിഡന്സ് കാര്ഡ് പുതുക്കി ലഭിക്കാന് കാത്തിരിക്കുന്നവര്ക്കും 2022 ജനുവരി 15 വരെ നിലവിലെ കാര്ഡ് ഉപയോഗിക്കാവുന്നതാണ്. എന്നാല് ജനുവരി 15 ന് ശേഷം പുറത്തേയ്ക്ക് യാത്ര ചെയ്യേണ്ടവര് ഇതിനകം പുതിയ കാര്ഡുകള് സ്വീകരിക്കുകയോ റീ എന്ട്രി വിസ ഉറപ്പാക്കുകയോ ചെയ്യണം.
പ്രായപൂര്ത്തിയാകാത്തവര്ക്ക് റീ എന്ട്രി വിസയില് നല്കിയിരിക്കുന്ന ഇളവുകള് 2022 മെയ് 31 വരെ തുടരും.