അപ്രതീക്ഷിതമായി സുപ്രധാന തീരുമാനവുമായി അയര്ലണ്ട് സര്ക്കാര്. നിക്ഷേപകര്ക്കുള്ള ഗോള്ഡന് വിസ നിര്ത്തലാക്കാന് സര്ക്കാര് തീരുമാനിച്ചു. ആ വിസയില് ചൈനയില് നിന്നും ആളുകളുടെ തള്ളിക്കയറ്റം ഉണ്ടാകുന്നു എന്ന നിഗമനത്തെ തുടര്ന്നാണ് നടപടി. കഴിഞ്ഞ കുറെ നാളുകളായി ഈ വിസ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും ബന്ധപ്പെട്ട മന്ത്രി വ്യക്തമാക്കി.
രണ്ട് മില്ല്യണ് യൂറോ ആസ്തിയുള്ളവര്ക്കായിരുന്നു ഈ വിസ നല്കിയിരുന്നത്. ഒരു മില്ല്യണ് യൂറോ അയര്ലണ്ടില് നിക്ഷേപം നടത്തണമെന്നായിരുന്നു നിബന്ധന. കൂടുതല് തൊഴിലവസരങ്ങള് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സര്ക്കാര് ഈ പദ്ധതി നടപ്പിലാക്കിയിരുന്നത്. ചൈനയില് നിന്നടക്കം കഴിഞ്ഞ വര്ഷങ്ങളില് ഗോള്ഡന് വിസയ്ക്ക് അപേക്ഷകരുടെ കുത്തൊഴുക്കാണ് ഉണ്ടായത്.
2012 ലായിരുന്നു സര്ക്കാര് ഗോള്ന് വിസ ആരംഭിച്ചത്. ഇമിഗ്രന്റ് ഇന്വസ്റ്റര് പ്രോഗ്രാം എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. സാമൂഹ്യമായും സാമ്പത്തീകമായും സാംസ്കാരികമായും പദ്ധതി അയര്ലണ്ടിന് ഗുണം ചെയ്യുന്നുണ്ടോ എന്ന പരിശോധനയായിരുന്നു സര്ക്കാര് നടത്തിയത് എന്നാല് ഇനി ഇത് മുന്നോട്ട് കൊണ്ടുപോകുന്നു അഭിലഷണീയമല്ലെന്ന് മനസ്സിലായെന്നും മന്ത്രി സൈമണ് ഹാരീസ് പറഞ്ഞു.