രാജ്യത്ത് ജീവിത ചിലവ് വര്ദ്ധിക്കുന്നു. വൈദ്യുതിയുടേയും പാചകവാതകത്തിന്റേയും വിലയില് ഉടന് വര്ദ്ധനവ് ഉണ്ടാകുമെന്ന് ഇലക്ട്രിക് അയര്ലണ്ട് പ്രഖ്യാപിച്ചു. ഗാര്ഹിക ആവശ്യങ്ങള്ക്കുള്ള വൈദ്യുതിക്ക് ഒമ്പത് ശതമാനവും പാചകവാതകത്തിന് 7.8 ശതമാനവും വര്ദ്ധനവ് ഉണ്ടാകുമെന്നാണ് അറിയിപ്പ്.
ആഗസ്റ്റ് ഒന്നു മുതലാണ് ചാര്ജ്ജ് വര്ദ്ധനവ് പ്രാബല്ല്യത്തില് വരുന്നത്. ഹോള്സെയില് വിലയിലെ വര്ദ്ധനവിനെ തുടര്ന്നാണ് വില വര്ദ്ധിപ്പിക്കാന് നിര്ബന്ധിതരായതെന്ന് ഇലക്ട്രിക് അയര്ലണ്ട് വക്താക്കള് പറഞ്ഞു. ഇപ്പോള് പ്രഖ്യാപിച്ചിരിക്കുന്ന നിരക്ക് അനുസരിച്ച് വൈദ്യതി ചാര്ജില് ഒരു വര്ഷം ശരാശരി 100 യൂറോയുടെ വര്ദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
പാചകവാതക വിലയില് ഒരു വര്ഷം ശരാശരി 60 യൂറോയുടെ വര്ദ്ധനവുണ്ടായേക്കും. യൂറോപ്യന് രാജ്യങ്ങളുടെ ശരാശരി വൈദ്യതി നിരക്കിനേക്കാള് 23 % കൂടുതലാണ് അയര്ലണ്ടിലെ വൈദ്യുതി നിരക്ക്. വൈദ്യുതി നിരക്കിന്റെ കാര്യത്തില് 27 യൂറോപ്യന് രാജ്യങ്ങളില് നാലാം സ്ഥാനത്തും പാചകവാതക വിലയുടെ കാര്യത്തില് ഒമ്പതാം സ്ഥാനത്തുമാണ് ഇപ്പോള് അയര്ലണ്ട്.