അയര്ലണ്ടില് വിലക്കയറ്റവും ജീവിത ചെലവുകളും അതിന്റെ മൂര്ദ്ധന്യാവസ്ഥയിലെത്തി നില്ക്കെ സ്കൂളുകള് കൂടി തുറക്കുന്നത് സാധരണക്കാരന് ഏല്പ്പിക്കുന്നത് കനത്ത പ്രഹരമാണ്. സ്കൂള് തുറക്കല് സമയത്തെ ചെലവുകള് തങ്ങളുടെ വരുമാനത്തില് നിന്നും കണ്ടെത്താനാവാതെ പലരും വായ്പകളെയാണ് ആശ്രയിക്കുന്നത്.
പ്രൈമറി സ്കൂള് വിദ്യാര്ത്ഥികള്ക്ക് സര്ക്കാര് സൗജന്യമായി ബുക്കുകള് നല്കുന്നു എന്നത് ഏറെ ആശ്വാസമാണ്. എന്നാല് ഇതിലും ചെലവേറിയ സെക്കന്ഡറി സ്കൂളുകളില് ബുക്കുകളുടേയും മറ്റും ചിലവ് രക്ഷിതാക്കള് തന്നെ വഹിക്കണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഈ ഘട്ടത്തില് സെക്കന്ഡറി സ്കൂള് വിദ്യാര്ത്ഥികള്ക്കും ബുക്കുകള് സൗജന്യമായി നല്കണമെന്ന ആവശ്യം ശക്തമാണ്.
നേരത്തെ ചാരിറ്റി സംഘടനയായ Barnardso നടത്തിയ ഒരു സര്വ്വേയില് 75 ശതമാനം രക്ഷിതാക്കളും സ്കൂള് ചെലവുകളെ ഓര്ത്ത് ആശങ്കാകുലരാണെന്നും കടം വാങ്ങാനുള്ള ഓട്ടത്തിലാണെന്നും കണ്ടെത്തിയിരുന്നു. നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള് പ്രതീക്ഷിക്കുന്ന വരും ബഡ്ജറ്റില് രക്ഷിതാക്കള്ക്ക് ആശ്വാസമേകുന്ന പദ്ധതികളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.