മെഡിക്കല് പ്രോഡക്ട് വിതരണ രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി ഡബ്ലിന്. ഡ്രോണ് സാങ്കേതികവിദ്യ ഈ മേഖലയില് ഫലപ്രദമായി ഉപയോഗിക്കാനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഗൂഗിളിന്റെ മാതൃകമ്പനിയായ Alphabet ന്റെ ഡ്രോണ് ഡെലിവറി കമ്പനിയായ Wing ആണ് പുതിയ മാറ്റത്തിന് ചുക്കാന് പിടിക്കുന്നത്.
മെഡിക്കല് ഉത്പന്നങ്ങള് വിതരണക്കാരില് നിന്നും ഫാര്മസികള്, ആശുപത്രികള് എന്നിവിടങ്ങളില് എത്തിക്കുക എന്ന ദൗത്യമാകും ഡ്രോണ് ഏറ്റെടുക്കുക. യുകെ കേന്ദ്രമായ ഹെല്ത്ത് കെയര് ആന്ഡ് ലോജിസ്റ്റിക് കമ്പനിയായ Apian നുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.
ഫാര്മസികളിലേയ്ക്കുള്ള സാധനങ്ങള്, ലാബ് സാമ്പിളുകള്, മെഡിക്കല് ഉപകരണങ്ങള് എന്നിവയാകും ഡ്രോണ് വഴിയെത്തിക്കുക. ഇതിന്റെ ചെലവ്, ഏതൊക്കെ മേഖലകളിലാവും സര്വ്വീസ് ഉണ്ടാവുക, ഏതൊക്കെ സ്ഥാപനങ്ങളുമായാണ് കരാര് എന്നിങ്ങനെയുള്ള കാര്യങ്ങള് ഉടന് വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.