അയര്ലണ്ടില് പൗരത്വ നിയമത്തില് മാറ്റം വരുന്നു. അയര്ലണ്ട് പൗരന്മാരല്ലാത്ത ദമ്പതികള്ക്ക് അയര്ണ്ടില് വച്ച് ജനിക്കുന്ന കുട്ടികളുടെ പൗരത്വം സംബന്ധിച്ച നിയമത്തിലാണ് ഇളവ് വരുത്തത്. ഇവര്ക്ക് പൗരത്വത്തിനായി അപേക്ഷിക്കുന്നതിനുള്ള കാലാവധി കുറയ്ക്കും. ഇതിനായുള്ള ബില് അടിയന്തര പ്രാധാന്യത്തോടെ പാര്ലമെന്റില് അവതരിപ്പിക്കുമെന്നാണ് വിവരം. ബില് പാസ്സായാല് കുട്ടികളുടെ പൗരത്വത്തിന് വേണ്ടി അപേക്ഷിക്കാന് മൂന്നു വര്ഷം മാത്രം കാത്തിരുന്നാല് മതിയാകും.
നിലവില് അയര്ലണ്ടില് കുട്ടി ജനിച്ച് അഞ്ച് വര്ഷങ്ങള് കഴിഞ്ഞാല് മാത്രമേ കുട്ടിയുടെ പൗരത്വത്തിനായി അപേക്ഷിക്കാന് സാധിക്കൂ. ഇതാണ് ഇപ്പോള് മൂന്നു വര്ഷമായി കുറയ്ക്കുന്നത്. ഈ സമയ പരിധിയില് അയര്ലണ്ടില് നിന്നും പരമാവധി 70 ദിവസം മാത്രമേ പുറത്തു നില്ക്കാന് സാധിക്കൂ. പ്രത്യേക സാഹചര്യത്തില് അധികമായി 30 ദിവസം കൂടി അനുവദിക്കും. പൗരത്വം സംബന്ധിച്ച നിയമത്തില് വരുത്തുന്ന ഈ മാറ്റം ഇന്ത്യക്കാരടക്കം അയര്ലണ്ടില് ജോലി ചെയ്യുന്ന വിദേശികള്ക്ക് ഏറെ പ്രതീക്ഷ നല്കുന്നതാണ്.
പുതിയ ബില്ല് പാര്ലമെന്റിന്റെ സമ്മര് സെഷനില് തന്നെ അംഗീകാരം നേടി പ്രസിദ്ധപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. 2004 ലെ നിയമപ്രകാരം അയര്ലണ്ടില് വച്ച് ജനിക്കുന്ന കുട്ടികളുടെ മാതാപിതാക്കള് രണ്ടു പേരും അല്ലെങ്കില് ഒരാള് ഐറീഷ് പൗരനാണെങ്കില് മാത്രമേ കുട്ടികള്ക്ക് ജനിക്കുമ്പോള് തന്നെ പൗരത്വം ലഭിക്കൂ.