അയര്ലണ്ടില് മദ്യത്തിന് സര്ക്കാര് പുതുക്കി നിശ്ചയിച്ച നിരക്ക് ചൊവ്വാഴ്ച മുതല് പ്രാബല്ല്യത്തില് വരും. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തിനായി സര്ക്കാര് സ്വീകരിച്ചിരിക്കുന്ന നടപടികളില് ഒന്നാണ് വിലയിലെ മാറ്റവും. കുറഞ്ഞ വിലയ്ക്കുള്ള മദ്യം വാങ്ങി അപകടകരമായ രീതിയില് മദ്യം ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് വില പുനര്നിര്ണ്ണയിച്ചതിലൂടെ സര്ക്കാര് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
പുതിയ വിലനിലവാരം അനുസരിച്ച് ഒരു ബോട്ടില് വൈന് ഒരു കാരണവശാലും 7.40 യൂറോയില് കുറച്ച് വില്ക്കാന് പാടില്ല. ഒരു ക്യാന് ബീയര് 1.70 യൂറോയിലും കുറച്ച് വില്ക്കരുത്. ജന്, വോഡ്ക എന്നിവ 40 ശതമാനം ആല്ക്കഹോള് അടങ്ങുന്നതാണെങ്കില് 20.70 യൂറോയില് കുറച്ച് വില്ക്കരുത്. 700 മില്ലിയുടെ വിസ്കിയുടെ കുറഞ്ഞ വില 22 യൂറോയാണ്.
മദ്യത്തിന്റെ പുതിയ നിരക്ക് സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് പൊതു ജനങ്ങളില് നിന്നും ലഭിക്കുന്നത്. കുറഞ്ഞ വരുമാനക്കാര്ക്ക് ഇത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം പറയുമ്പോള് മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് അഭിപ്രായക്കാരും ഉണ്ട്.