കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനാൽ 12,000 ഓളം ബിസിനസുകൾ ഈ ആഴ്ച വീണ്ടും തുറക്കാൻ ഒരുങ്ങുമ്പോൾ 100,000 ആളുകൾ ഈ മാസം ജോലിയിലേക്ക് തിരിച്ചുവരുമെന്ന് റിപോർട്ടുകൾ പറയുന്നു. ഇന്നുമുതൽ അയർലണ്ടിലെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതിനാൽ ആളുകൾക്ക് അവരുടെ പഴയ സ്ഥിതിയിലേക്ക് മടങ്ങിവരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
“വെന്റിലേഷൻ, ജോലിസ്ഥലത്തെ ആന്റിജൻ പരിശോധന എന്നിവയെക്കുറിച്ചുള്ള പുതുക്കിയ ഉപദേശങ്ങൾ ഉൾപ്പെടുത്തുന്നതിനായി വർക്ക് സേഫ്ലി പ്രോട്ടോക്കോൾ അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും ഒട്ടും വൈകാതെ തന്നെ ഇത് നിലവിൽ വരുമെന്നും, ബിസിനസുകൾ വീണ്ടും തുറക്കുന്നതിനെ സ്വാഗതം ചെയ്ത മന്ത്രി ലിയോ വരദ്കർ അറിയിച്ചു.” അതോടൊപ്പം തന്നെ സാധ്യമാകുന്നിടത്തെല്ലാം വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് ഇപ്പോഴും തുടരണമെന്നും വരദ്കർ ആളുകളോട് ആവശ്യപ്പെടുന്നു. വൈറസ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്നും, ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോലിസ്ഥലത്ത് വൈറസ് പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും, അതിനാൽ കൊറോണ എന്ന ഈ മാരകമായ വൈറസിനെ പരാജയപ്പെടുത്തുന്നതിൽ നാമെല്ലാവരും തുടർന്നും പങ്ക് വഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.