മാതാപിതാക്കളെ ദീർഘകാലം അയർലണ്ടിൽ കൂടെ നിർത്താൻ

അയർലണ്ടിൽ താമസമാക്കിയ നമ്മൾ കുടിയേറ്റക്കാരാണ്… വരത്തന്മാരാണ്. നമ്മൾ കൂടുതൽ പൈസയ്ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും വേണ്ടിയാണ് അയർലണ്ടിൽ എത്തി ജോലി ചെയ്യുന്നത്. എന്നാൽ ഒരു കാര്യം നമ്മൾ മറക്കരുതേ…

അയർലണ്ടിൽ നഴ്സിംഗ്, എഞ്ചിനീറിങ് പോലുള്ള ജോലികൾക്ക് വൻ സ്റ്റാഫ് ഷോർട്ടേജ് ഉള്ളതുകൊണ്ടാണ് ഈ വക ജോലികൾ ക്രിട്ടിക്കൽ സ്കിൽ ജോബ് ലിസ്റ്റിൽ വന്നതും നമ്മൾ ഈ രാജ്യത്തെ സേവിക്കാൻ ഇവിടെ എത്തിയതും. അതായത് ചെറുപ്പം മുതൽ നമുക്കുണ്ടായിരുന്ന നമ്മുടെ കൂട്ടുകാരെയും നാട്ടുകാരെയും മാതാപിതാക്കളെയും ഉപേക്ഷിച്ച് ഈ നാട്ടിൽ വന്നിരിക്കുകയാണ്. എന്ന് കരുതി നമ്മൾ നമ്മുടെ മാതാപിതാക്കൾക്ക് ആവശ്യമായ സ്നേഹവും പരിചരണവും കൊടുക്കാതിരിക്കണോ??? അവരുടെ സ്നേഹം നമ്മൾ നഷ്ടപെടുത്തണോ ???

നമുക്കും 25 മുതൽ 50 വയസ്സ് വരെ പ്രായമായില്ലേ… പ്രായമെത്ര കടന്നാലും നമ്മൾ നമ്മുടെ മാതാപിതാക്കളുടെ കുഞ്ഞുമക്കൾ തന്നെയല്ലേ… അതുപോലെ തന്നെ നമ്മുടെ മക്കളെയും കൊണ്ട് നമ്മൾ വർഷത്തിലൊരിക്കൽ അല്ലെങ്കിൽ രണ്ടു വർഷം കൂടുമ്പോൾ നാട്ടിൽ പോകുമ്പോൾ  ആ വല്യപ്പനും വല്യമ്മച്ചിക്കും ഉണ്ടാവുന്ന സന്തോഷം നിങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുള്ളതല്ലേ… നമ്മുടെ മക്കൾക്ക് അവരുടെ ഗ്രാൻഡ് പേരെന്റ്സിനെ കാണുമ്പോൾ ഉണ്ടാവുന്ന അതിയായ സന്തോഷവും നിങ്ങൾ നേരിട്ട് കണ്ടനുഭവിച്ചിട്ടുള്ളതല്ലേ… അവധി കഴിഞ്ഞു തിരിച്ചു വരുമ്പോൾ ആ കുഞ്ഞു മക്കളുടെ മുഖത്തെ പുഞ്ചിരി നഷ്ടപെടാറില്ലേ…

ഈ നാടുവിട്ട് ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടാവില്ല എന്നും നമുക്കറിയാം. എങ്കിൽ പിന്നെ നമ്മുടെ മാതാപിതാക്കളെ അതായത് നമ്മുടെ മക്കളുടെ ഗ്രാൻഡ് പേരന്റ്സിനെ അയർലണ്ടിലേക്ക് സ്ഥിരതാമസത്തിന് അല്ലെങ്കിൽ ദീർഘകാല താമസത്തിന് കൊണ്ടുവന്നാൽ അത് വളരെ നന്നാവില്ലേ. അത് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമല്ലേ..

അയർലണ്ടിൽ നിന്നും പല ഇന്ത്യക്കാരും ഓസ്‌ട്രേലിയയ്ക്കും അമേരിക്കയ്‌ക്കും യുകെയിലേയ്ക്കും മറ്റും ചേക്കേറുന്നതിന്റെ ഒരു പ്രധാന കാരണവും ഇതുതന്നെ.

അയർലണ്ടിൽ ക്രിട്ടിക്കൽ സ്കിൽ വർക്ക് പെർമിറ്റിൽ എത്തുന്നവരുടെ സ്പൗസിന് വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യാൻ സാധിക്കും എന്നുള്ള പുതിയ സ്റ്റാമ്പ് 1ജി അടുത്ത കാലത്ത് നിലവിൽ വന്നത് അയർലണ്ട് സർക്കാർ നമ്മുടെ കഷ്ടപ്പാട് തനിയെ കണ്ടറിഞ്ഞു ഔദാര്യം പോലെ തന്നതല്ല എന്ന് കൂടി നമ്മൾ  ഓർക്കണം.

നമുക്കെല്ലാം അറിയാം ഒരു വലിയ ക്യാമ്പെയിൻ നടത്തിനേടിയതാണ് സ്റ്റാമ്പ് 1ജി. അതുപോലെ ഇപ്പോളിതാ നമുക്കെല്ലാവര്ക്കും വേണ്ടി ജഗന്നാഥ മുട്ടമുളയും കൂട്ടുകാരും കൂടി വീണ്ടും ഒരു ക്യാമ്പെയിനുമായി വന്നിരിക്കുകയാണ്. അത് നമ്മുടെ മാതാപിതാക്കളെ ദീർഘകാലം അയർലണ്ടിൽ താമസിപ്പിക്കുന്നതിനുള്ള അനുമതിയ്ക്കായിട്ടാണ്.

മറ്റുള്ളവർ എല്ലാം കൂടി പെറ്റീഷൻ സൈൻ ചെയ്യട്ടെ… ഞാൻ എന്തിനു സൈൻ ചെയ്യണം … സൈൻ ചെയ്യാൻ എടുക്കുന്ന ഒരു മിനിറ്റിൽ താഴെ വരുന്ന സമയം ചിലഴിക്കാൻ എനിക്ക് സമയമില്ല… ഇത് സൈൻ ചെയ്താൽ എനിക്കെന്തെങ്കിലും കുഴപ്പം ഉണ്ടോ എന്നൊക്കെ ചിന്തിക്കുന്ന ചിലർ നമുക്കിടയിൽ ഉണ്ടാവാം. അവർക്ക് വേണ്ടിയാണ് ഇത് എഴുതുന്നത്. ഒരു കുഴപ്പവും ഇല്ല. പുതിയ നിയമം പാസ്സായി കഴിയുമ്പോൾ ആദ്യം മാതാപിതാക്കളെ കൊണ്ടുവരുന്നതും ഇവർ ആയിരിക്കും അല്ലെ….

അത് കൊണ്ട് നമുക്ക് കൈകോർക്കാം… നമ്മുടെ മാതാപിതാക്കൾക്ക് വേണ്ട പരിചരണം നമുക്ക് നേരിട്ട് കൊടുക്കാം. അല്ലാതെ ഹോം നഴ്സുമാരെയും വേലക്കാരിയെയും നാട്ടിൽ പൈസ കൊടുത്ത് എത്ര നല്ല കെയർ അവർക്ക് കൊടുത്താലും നമ്മുടെ മാതാപിതാക്കളുടെ മനസ്സിൽ ഒരിക്കലും സന്തോഷം ഉണ്ടാവില്ല. “സ്വർണ്ണ കൂട്ടിൽ അടച്ചാലും ബന്ധനം ബന്ധനം തന്നെ” അല്ലേ….

കൈകോർക്കൂ… നമ്മുടെ മക്കൾക്ക് അവരുടെ ഗ്രാൻഡ് പേരന്റ്സിനെ കിട്ടാൻ… നമുക്ക് നമ്മുടെ മാതാപിതാക്കളെ കിട്ടാൻ. നാട്ടിലുള്ള പ്രായമായവർക്ക് അവരുടെ മക്കളുടെയും കൊച്ചുമക്കളുടെയും കൂടെ അവസാനം വരെ സന്തോഷത്തോടെ കഴിയാൻ…

വെറും പതിനായിരം പേർ ഈ പെറ്റീഷനിൽ സൈൻ ചെയ്‌താൽ ഒരുപക്ഷെ പുതിയ നിയമഭേദഗതി വന്നേക്കാം. ഇതിനോടകം 9430 പേർ സൈൻ ചെയ്തുകഴിഞ്ഞു. ഇനി വേണ്ടത് 600 പേരുടെ സഹകരണം കൂടി മാത്രമാണ്. അതിനാൽ നമുക്ക് കൈകോർക്കാം. നല്ലൊരു നാളേക്കായി… പെറ്റിഷൻ സൈൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.. മാറ്റം വരുത്തൂ… മാതാപിതാക്കളെ കൊണ്ടുവന്ന് സന്തോഷം പങ്കിടൂ.

 

Share This News

Related posts

Leave a Comment