തമിഴ്നാട്ടിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ രജനികാന്ത് ഒരു പ്രതിഭാസമാണ്. ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ, ലോകമെമ്പാടും ആരാധകരുളള സൂപ്പർതാരം. പ്രായഭേദമന്യേ, ഭാഷയുടെ അതിർവരുമ്പകളില്ലാതെ അദ്ദേഹത്തെ എല്ലാവരും സ്നേഹിക്കുന്നു, ആരാധിക്കുന്നു. മലയാളക്കരയിലെ രജനിയുടെ കട്ട ഫാൻ ആയ രണ്ടാം ക്ലാസുകാരനാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം.
രണ്ടാം ക്ലാസിലെ മലയാളം ചോദ്യപേപ്പർ പരീക്ഷയിലാണ് അധ്യാപകരെ പോലും ഞെട്ടിക്കുന്ന തകർപ്പൻ പ്രകടനം. തന്നിരിക്കുന്ന അക്ഷരങ്ങൾ ക്രമപ്പെടുത്തി വാക്കുണ്ടാക്കാനാണ് ചോദ്യം. ക,ലി,ബാ എന്നീ മൂന്നക്ഷരങ്ങൾ ക്രമപ്പെടുത്തി വാക്കുണ്ടാക്കുക എന്നതായിരുന്നു ചോദ്യം. നിഷ്കളങ്കനായ കുട്ടി രണ്ടാമതൊന്ന് ആലോചിക്കാതെ എഴുതി ‘കബാലി’. ഈ ഉത്തരക്കടലാസ് ആണ് സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കുന്നത്. കുട്ടി എഴുതിയ ഉത്തരത്തിന് നേരെയായി അധ്യാപകൻ തിരുത്തി ബാലിക എന്ന് എഴുതിയിരിക്കുന്നതും കാണാം. കഥ ഇങ്ങനെ ആണെങ്കിലും ഇത് യഥാർഥത്തിൽ സംഭവിച്ചത് തന്നെയാണോ എന്ന കാര്യം വ്യക്തമല്ല. കുട്ടിയുടെയോ സ്കൂളിന്റെയോ വിവരങ്ങൾ, പ്രചരിക്കുന്ന ഉത്തരക്കടലാസിൽ ഇല്ല. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാൻ ചില വിരുതന്മാർ ഫോട്ടോഷോപ്പിൽ ഇത്തരം ട്രോളുകളും തമാശകളും സ്വയം സൃഷ്ടിക്കുന്നത് പതിവായ നാടാണല്ലോ നമ്മുടേത്.
എന്നാലും കബാലി എന്ന ഉത്തരവും ശരിയല്ലേ സാറേ എന്ന് ചോദിക്കുന്ന ആൾക്കാരും കമെന്റുകൾ ഇടുന്നവരിൽ ഉണ്ട്.