യൂറോപ്പിൽ ചലഞ്ച് വിഡിയോകൾക്കു നിയന്ത്രണം വരുന്നു. യൂട്യൂബിൽ കണ്ടുവരുന്ന അപകടകരമായതോ കാഴ്ചക്കാർക്ക് മാനസിക സമ്മർദമുണ്ടാക്കുന്നതോ ആയ വിഡിയോകൾ ഇനി മുതൽ ഉണ്ടാവില്ല. ഈ നിയന്ത്രണം ചലഞ്ച്, പ്രാങ്ക് വിഡിയോകൾക്കും ബാധകമായിരിക്കും. ചലഞ്ചുകൾ എന്ന പേരിലുള്ള തമാശകളിൽ പലതും മരണത്തിലും ഗുരുതരമായ പരുക്കുകളിലുമാണ് ചെന്നെത്തുന്നതെന്ന നിരീക്ഷണത്തെ തുടർന്നാണ് ഇങ്ങനെയൊരു നടപടി വന്നിരിക്കുന്നത്.
ഗുരുതര സ്വഭാവമുള്ള പ്രാങ്ക് വിഡിയോകൾ നിരോധിക്കാനുള്ള നീക്കം ശ്രമകരമാണ്. കാരണം വിഡിയോകളിൽ അപകടകരമായത് ഏത് അല്ലാത്തത് ഏത് എന്ന് നിർണയിക്കാനുള്ള മാനദണ്ഡം എങ്ങനെയായിരിക്കണം എന്നതിൽ വ്യക്തതയായിട്ടില്ല. അതേ സമയം അപകടകരമായ ഉള്ളടക്കങ്ങളുള്ള വിഡിയോകൾ യൂട്യൂബിൽ ഇപ്പോഴുമുണ്ടെന്നും ഇവ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ഫലപ്രദമല്ലെന്ന വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. അപകട സാധ്യതയുള്ളതും പരുക്കുകൾ പറ്റാനിടയുള്ളതുമായ പ്രവൃത്തികൾ ചിത്രീകരിക്കുന്ന വിഡിയോകളാണ് യൂട്യൂബ് വിലക്കുക എന്ന് അറിയുന്നു. വിഡിയോയിൽ അപകടം ചിത്രീകരിക്കണമെന്നില്ല. എന്നാൽ ആ പ്രവൃത്തിയിലൂടെ ഏതെങ്കിലും തരത്തിൽ അപകടം ഉണ്ടാകാനിടയുണ്ടെന്ന് തോന്നിയാൽ പോലും അത്തരം വിഡിയോകൾ നീക്കം ചെയ്യപ്പെടും. കുട്ടികളെ പറ്റിക്കുക, പേടിപ്പിക്കുക പോലുള്ള വിഡിയോകളും ഇനി മുതൽ അനുവദിക്കില്ല. മറ്റു സോഷ്യൽ മീഡിയകളും ഈ നടപടി സ്വീകരിചേക്കാം.