അയർലണ്ടിൽ മുണ്ടിനീര് (Mumps) വ്യാപിക്കുന്നു

അയർലണ്ടിലുടനീളം മം‌പ്സ് വ്യാപകമായിട്ടുണ്ടെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) അറിയിച്ചു. ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞയാഴ്ച 132 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മം‌പ്സ് വളരെ പകർച്ചവ്യാധിയായ വൈറൽ അണുബാധയാണ്, പരോട്ടിഡ് ഗ്രന്ഥികളുടെ വീക്കമാണ് മം‌പ്സിന്റെ ഏറ്റവും സാധാരണമായ ലക്ഷണം.

15നും 30നും ഇടയിൽ പ്രായമുള്ളവരിൽ ഭൂരിഭാഗം പേർക്കും MMR വാക്‌സിനേഷന്റെ ഫുൾ ഡോസ് ലഭിച്ചിട്ടില്ല. ചിലർക്ക് ഒരു ഡോസ് മാത്രമേ ലഭിച്ചിട്ടുള്ളൂ. ആളുകൾക്ക് പൂർണ്ണമായി പരിരക്ഷ ലഭിക്കാൻ കുറഞ്ഞത് രണ്ട് ഡോസുകൾ എങ്കിലും ആവശ്യമാണ്. എച്ച്എസ്ഇ സ്കൂളുകൾക്കും കോളേജുകൾക്കും സർവ്വകലാശാലകൾക്കും മം‌പ്സ് പകരുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.

മുണ്ടിനീര്

ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പം പടരുന്ന വൈറല്‍ രോഗമാണ് മുണ്ടിനീര്. പ്രധാനമായും ഉമിനീര്‍ ഗ്രന്ഥികളെയാണ് ഈ രോഗം ബാധിക്കുക. ചെവിക്കും താടിയെല്ലിനും ഇടയിലുള്ള ഉമിനീര്‍ ഗ്രന്ധികള്‍ക്ക് വിങ്ങലും വേദനയുമാണ് ഈ രോഗം ബാധിച്ചാല്‍ ഉണ്ടാവുക.

കാരണങ്ങള്‍

വൈറസാണ് രോഗവാഹി. രോഗബാധിതരുടെ ഉമിനീരിലൂടെയാണ് രോഗം പടരുന്നത്. തുമ്മല്‍, ചുമ, രോഗബാധിതന്‍ ഉപയോഗിച്ച സാധനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയും രോഗം പടരും. വൈറസ് ബാധിച്ച് 14 മുതല്‍ 18 ദിവസത്തിനകമാണ് ലക്ഷണങ്ങള്‍ പ്രകടമാവുക.

ലക്ഷണങ്ങള്‍
പനി, തലവേദന, വിശപ്പില്ലായ്മ, ശാരീരികമായ ദുര്‍ബലാവസ്ഥ, ഭക്ഷണം ചവക്കുമ്പോഴും ഇറക്കുമ്പോഴും വേദന തുടങ്ങിയവയാണ് പ്രത്യക്ഷത്തില്‍ കാണപ്പെടുന്ന ചില ലക്ഷണങ്ങള്‍ .

എങ്ങനെ കണ്ടത്തൊം
ചെവിയുടെ മുന്‍ വശത്തായി താടിയെല്ലിന് വേദന തോന്നിയാല്‍ രോഗം സംശയിക്കപ്പെടാം. കള്‍ച്ചറിലൂടെയോ രക്ത പരിശോധനയിലൂടെയോ രോഗം ഉറപ്പിക്കാം. രക്തത്തില്‍ മുണ്ടിനീര് വൈറസിനെതിരായ ആന്‍റിബോഡികളുടെ സാന്നിധ്യമുണ്ടെങ്കില്‍ രോഗബാധ ഉറപ്പാക്കാം.

ചികില്‍സ
ഇതൊരു വൈറസ്ബാധ ആയതിനാല്‍ ആന്‍റിബയോട്ടിക്സുകള്‍ ഉപയോഗിച്ചുള്ള ചികില്‍സ ഫലപ്രദമാകില്ല. ഒന്ന്, രണ്ട് ആഴ്ച്ചക്കുള്ളില്‍ രോഗം സ്വയം മാറാന്‍ കാത്തിരിക്കുന്നതാകും നല്ലത്. വേദനക്ക് ആശ്വാസ്യമായി ഇബ്രൂപ്രോഫെന്‍, പാരാസെറ്റമ്മോള്‍ തുടങ്ങിയ പെയിന്‍ കില്ലറുകള്‍ ഉപയോഗിക്കാം. വേദനയുള്ള ഭാഗങ്ങളില്‍ തണുപ്പ് വെക്കുന്നതും നല്ലതാണ്.

വീട്ടില്‍ ഒറ്റപ്പെട്ട മുറിയില്‍ വിശ്രമിക്കുക, അധികം ചവക്കാനില്ലാത്ത ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, നാരങ്ങാ വര്‍ഗത്തിലുള്ളതും പുളിപ്പൂള്ളതുമായ ഭക്ഷണം ഒഴിവാക്കുക, തുടങ്ങിയ കാര്യങ്ങളും ചെയ്യേണ്ടതാണ്.

വരാതെ സൂക്ഷിക്കാം
എം.എം.ആര്‍ (മീസിലെസ് മംപ്സ് റുബെല്ല) വാക്സിനേഷന്‍ ആണ് രോഗം വരാതിരിക്കാന്‍ ഏറ്റവും നല്ല വഴി. രണ്ട് ഡോസ് എം.എം.ആര്‍ വാക്സിനേഷന്‍ 12 മുതല്‍ 15 മാസം വരെ പ്രായമുള്ളപ്പോഴും രണ്ടാമത്തെ ഡോസ് നാല് വയസിനും ആറ് വയസിനും ഇടയിലും നല്‍കുക. രണ്ടാമത്തെ ഡോസ് നല്‍കാന്‍ വിട്ടുപോയാല്‍ 11 വയസിനും 12 വയസിനും ഇടയിലും നല്‍കിയാല്‍ മതി.

Share This News

Related posts

Leave a Comment