അയര്ലണ്ടില് മദ്യത്തിന്റെ വില ഉയര്ത്തുന്നത് സംബന്ധിച്ച് ഉടന് തീരുമാനമായേക്കും. എല്ലാ ബ്രാന്ഡുകളിലും പെട്ട മദ്യത്തിന്റെ വില ഉയര്ന്നേക്കും. മദ്യത്തിന്റെ കുറഞ്ഞവില ഒരു ഗ്രാമിന് 10 സെന്റ് എന്ന നിലയിലാകും ഉയര്ത്തുക. ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രി സ്റ്റീഫന് ഡോണ്ലി നല്കിയ നിര്ദ്ദേശം മന്ത്രി സഭയുടെ അനുമതിക്കായി കാക്കുകയാണ്.
വില ഉയര്ത്താന് മന്ത്രിസഭ അനുമതി നല്കിയാല് ഒരു ബോട്ടില് വോഡ്കയുടെ വില 7 യൂറോ വരെ ഉയരും. വരും മാസങ്ങളില് തന്നെ വില വര്ദ്ധനവ് പ്രാബല്യത്തില് വരുമെന്നാണ് റിപ്പോര്ട്ടുകള്. മദ്യത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള് കുറയ്ക്കുന്നതിനായാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് സര്ക്കാര് നീങ്ങുന്നത്. കൂടുതല് വീര്യമേറിയ മദ്യങ്ങള് കുറഞ്ഞ വിലയ്ക്ക് ജനങ്ങള്ക്ക് ലഭ്യമാകുന്നത് തടയുക എന്ന് ഉദ്ദേശ്യവും സര്ക്കാരിന്റെ നീക്കത്തിന് പിന്നിലുണ്ട്.
മദ്യത്തിന്റെ വില ഉയര്ത്താനുള്ള തീരുമാനത്തിനെതിരെ ചില കൗണ്ടികളില് നിന്നും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഇക്കാര്യങ്ങളും കൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനത്തിലേയ്ക്ക് എത്തുക.