കോവിഡ് ഭീതി ഉയരുന്നു ; കൊച്ചുകുട്ടികള്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി

കോവിഡിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. മൂന്നാം ക്ലാസ് മുതലുള്ളവരാണ് മാസ്‌ക് ധരിക്കേണ്ടത്. ഒമ്പത് വയസ്സ് പ്രായമുള്ളവര്‍ മുതല്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. നിലവില്‍ 13 വയസ്സിന് മുകളിലേയ്ക്കുള്ളവര്‍ മാസ്‌ക് ധരിക്കണമെന്നാണ് നിയമം. ഇതാണ് ഇപ്പോള്‍ ഒമ്പത് വയസ്സ് എന്നാക്കി മാറ്റിയിരിക്കുന്നത്.

കുറഞ്ഞത് അടുത്ത രണ്ടാഴ്ചത്തേയ്‌ക്കെങ്കിലും കുട്ടികള്‍ പൊതുവായുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും പാര്‍ട്ടികളില്‍ പങ്കെടുക്കെരുതെന്നും നിര്‍ദ്ദേശമുണ്ട്. സീസണല്‍ പ്രോഗ്രാമുകള്‍, കൂര്‍ബാനകള്‍, ബര്‍ത്ത് ഡേ പാര്‍ട്ടികള്‍ ഇവ ഒഴിവാക്കണമെന്നാണ് കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബര്‍ത്ത് ഡേ പാര്‍ട്ടികളൊക്കെ നടത്തേണ്ടിവന്നാല്‍ ഔട്ട് ഡോറായി മാത്രം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

കുട്ടികളില്‍ കോവിഡ് രോഗം വര്‍ദ്ധിക്കുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ ശൈത്യകാലത്ത് യൂറോപ്പിലുടനീളം കോവിഡ് ബാധിച്ച് എഴ് ലക്ഷത്തോളം ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ശരാശരി വാക്‌സിനേഷന്‍ നിരക്ക് 70 ശതമാനത്തില്‍ താഴെയാണെന്നതും ഗൗരവകരമാണ്.

കോവിഡ് വര്‍ദ്ധിക്കുകയും പുതിയ വകഭേദങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരികയും ചെയ്തതോടെ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടോ എന്ന ആലോചനയിലാണ് സര്‍ക്കാരും. എങ്കിലും ഉടനെ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് വിവരം. ക്രിസ്മസ് ആഘോഷങ്ങളും കൂടിച്ചേരലുകളും കോവിഡ് വ്യാപനത്തെ എങ്ങനെ ബാധിക്കും എന്ന ആശങ്കയും ആരോഗ്യവകുപ്പിനുണ്ട്.

Share This News

Related posts

Leave a Comment