കൈവശം പാസ്പോര്‍ട്ട് ഇല്ലാത്തവരാരും വിദേശ യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം . പാസ്പോര്‍ട്ടിന് അപേക്ഷിച്ച ശേഷം ഉടന്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ പലരും ടിക്കറ്റ് ബുക്കിംഗ് നടത്തുന്നത് പ്രശ്നങ്ങളിലേയ്ക്ക് കടക്കുന്ന സാഹചര്യത്തിലാണ് വിദേശ കാര്യ മന്ത്രാലയം ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നിലവില്‍ വലിയ തോതിലാണ് പുതിയ പാസ്പോര്‍ട്ടുകള്‍ക്കും പാസ്പോര്‍ട്ട് പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍ ലഭിക്കുന്നതെന്നും ഇതിനാല്‍ ഇവ ഇഷ്യൂ ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. പാസ് പോര്‍ട്ട് പുതുക്കി നല്‍കുന്നതിന് 10-15 ദിവസം വരെയും പുതിയ പാസ്പോര്‍ട്ട് നല്‍കുന്നതിന് 40 ദിവസം വരെയും ഇപ്പോള്‍ സമയമെടുക്കുന്നുണ്ട്.
വിദേശ യാത്രകള്‍ക്ക് അനുമതി നല്കി തുടങ്ങിയതോടെയാണ് കോവിഡ് ആദ്യഘട്ടം മുതല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാതിരുന്നവരും പുതുക്കാതിരുന്നവരും ഇപ്പോള്‍ ഇതിനായി അപേക്ഷകള്‍ നല്കി തുടങ്ങിയത്. ഇതിനാല്‍ തന്നെ പാസ്പോര്‍ട്ട് ഓഫീസുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
പാസ്പോര്‍ട്ട് ഓഫീസുകളിലെ ജീവനക്കാരുടെ കുറവും തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായതായും സെപ്റ്റംബര്‍ മാസത്തില്‍ പുതിയ റിക്രൂട്ട്മെന്റ് നടത്താനാണ് പദ്ധതിയെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.