HIQA വ്യവസ്ഥകൾ കാറ്റിൽ പറത്തി ചില കെയർ ഹോമുകൾ

അയർലണ്ടിലെ ചില നഴ്സിംഗ് ഹോമുകൾ ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റിയുടെ (HIQA) നിയമ വ്യവസ്ഥകൾ പാലിക്കാതെ വളരെ മോശം നിലയിലെന്ന് HIQA ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധന വെളിപ്പെടുത്തുന്നു.

ശാരീരിക നിയന്ത്രണത്തിന്റെ അനധികൃത ഉപയോഗം

ശാരീരിക നിയന്ത്രണത്തിന്റെ അനധികൃത ഉപയോഗമാണ് ഇതിൽ ഏറ്റവും വലിയ ഒരു തെറ്റായി ചൂടിക്കാണിക്കപ്പെട്ടത്. വാരാന്ത്യങ്ങളിൽ സ്റ്റാഫ് അഭാവം മൂലം കോ റോസ്‌കോമോണിലെ മാനസിക വൈകല്യമുള്ള മുതിർന്നവർക്കായുള്ള ഒരു റെസിഡൻഷ്യൽ സെന്ററിൽ “അനാവശ്യമായ നിയന്ത്രണ രീതികൾ” ഉപയോഗിക്കുന്നതായി സംസ്ഥാന ആരോഗ്യ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള ഒരു റിപ്പോർട്ട് പറയുന്നു. സ്റ്റാഫ് ഷോർട്ടേജ് ഉള്ള വാരാന്ത്യ ദിവസങ്ങളിൽ ബെഡ് സൈഡ് റെയ്‌ൽസ്‌ ഉപയോഗിക്കുന്നു എന്നാണ് കണ്ടെത്തൽ. കൂടുതൽ സമയം റസിഡന്റ്സ് ബെഡിൽ തന്നെ കിടക്കേണ്ടി വരുന്നത് അവരുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്നു എന്ന് HIQA ചൂണ്ടിക്കാട്ടി. അത്തരം സമ്പ്രദായങ്ങളുടെ ഉപയോഗം താമസക്കാരുടെ അവകാശങ്ങളെയും അന്തസ്സിനെയും (rights and dignity) ബാധിക്കുന്നു.

ബ്രദേർസ് ഓഫ് ചാരിറ്റി അയർലണ്ട് നടത്തി വരുന്ന കെയർ ഹോമിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ HIQA നിഷ്കർഷിക്കുന്ന 13 റെഗുലേഷനുകളിൽ ഏഴെണ്ണം പാലിച്ചിട്ടില്ല എന്ന് കണ്ടെത്തി.

അതേ സമയം, വൈകല്യമുള്ളവർക്കായി നിയുക്ത കേന്ദ്രങ്ങളെക്കുറിച്ച് വ്യാഴാഴ്ച HIQA പ്രസിദ്ധീകരിച്ച 25 പരിശോധന റിപ്പോർട്ടുകളിൽ 17 കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതായി കണ്ടെത്തി.

പ്രശ്നങ്ങൾ കണ്ടെത്തിയ കെയർ ഹോമുകളിൽ സ്റ്റാഫ് ഷോർട്ടേജ് തന്നെയാണ് പ്രശ്നകാരണമെന്ന് റിപ്പോർട്ട് പറയുന്നു.

കോ. ലീമെറിക്കിലെ മറ്റൊരു നഴ്സിംഗ് ഹോമിൽ ഭൂരിഭാഗം എല്ലായിടത്തും മെയ്ന്റനൻസ് വർക്ക് ആവശ്യമെന്ന് കണ്ടെത്തി.

ഒരു നഴ്സിങ്ങ് ഹോമിന്റെ ചുവരിലും മറ്റൊരു നഴ്സിംഗ് ഹോമിന്റെ സീലിംഗിലും ഭക്ഷണ കറ കണ്ടെത്തി എന്നത് തികച്ചും ഹെൽത്ത് കെയർ ഡിപ്പാർട്മെന്റിന് തന്നെ നാണക്കേടുണ്ടാക്കുന്ന ഒന്നാണ്.

രണ്ട് കെയർ ഹോമുകളിലെ ഭൂരിഭാഗം താമസക്കാർക്കും ലഭ്യമായ ബാത്ത്റൂം സൗകര്യങ്ങൾ നിലവാരമില്ലാത്തതായിരുന്നു. മാത്രമല്ല പൊടിയും മാറാലയും പ്രകടമായിരുന്നു എന്നും റിപ്പോർട്ട് പറയുന്നു.

വീൽചെയറുകൾ ഉപയോഗിക്കുന്ന താമസക്കാർക്ക് ചില കിടപ്പുമുറികൾ അനുയോജ്യമായ വലുപ്പമല്ലെന്നും ചിലയിടങ്ങളിലെ സ്റ്റാഫ് തന്നെ വെളിപ്പെടുത്തി.

ഫയർ ഡോറുകൾ സ്ഥാപിച്ചിട്ടില്ലാത്ത കെയർ ഹോമുകളും ഉണ്ടെന്ന് HIQA ഇൻസ്പെക്ടർമാർ കണ്ടെത്തി.

 

Share This News

Related posts

Leave a Comment