രോഗത്തിന്റെ പിടിയിലമർന്ന ലോകത്തിന്റെ സൗഖ്യത്തിനായി പ്രാർത്ഥനാപൂർവ്വം ഒരു ഗാനം… അതാണ് “ഈ ലോകത്തെ കാക്കേണമേ… ഈ രോഗത്തെ മാറ്റേണമേ…” എന്ന ഗാനം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി അയർലണ്ടിൽ സേവനമനുഷ്ഠിക്കുന്ന ഫാ. രാജേഷ് മേച്ചിറാകത്ത് രചിച്ച്, സംഗീതം നൽകിയിരിക്കുന്ന ഈ പ്രാർത്ഥനാ ഗാനം റിലീസിന് മുൻപ് തന്നെ, ഈ ഗാനത്തിന്റെ ട്രൈലെറിലൂടെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.
ഫാ. രാജേഷിനെകുറിച്ച്
കണ്ണൂർ ജില്ലയിലെ തലശ്ശേരി അതിരൂപതയിലെ പരിയാരം മദർ തെരേസ പള്ളി ഇടവകക്കാരാണ് ഫാ. രാജേഷിന്റെ കുടുംബാംഗങൾ. ഉദയഗിരി, ചെമ്പൻതൊട്ടി, പൈസകരി ഇടവകകളിൽ കൊച്ചച്ചനായും, ഏറ്റുമാനൂർ പള്ളിയിൽ വികാരിയായും, എഞ്ചിനീയറിംഗ് കോളേജിൽ വാർഡനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ഇതേ കോളേജിൽ MBA പൂർത്തിയാക്കുകയും ചെയ്തു. നാല് വർഷക്കാലം മിഷൻ ലീഗിന്റെ ഡയറക്ടർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട് ഈ വൈദികൻ. എംഫിൽ പൂർത്തിയാക്കിയ ശേഷം അയർലണ്ടിൽ സേവനമാനുഷിച്ചു വരികയാണ് ഫാ. രാജേഷ് ഇപ്പോൾ. ഡബ്ലിനിലെ താല, ബ്ലാക്റോക്ക്, ബ്രെയ്, നെയ്സ് തുടങ്ങിയ ഹോളി മാസ്സ് സെന്ററുകളിലും ഡബ്ലിൻ രൂപതയിലെ എയിൽസ്ബെറിയിലും ശുസ്രൂഷ ചെയ്തുവരുന്ന ഫാ. രാജേഷ്, പ്രീ-മാരിയേജ് കോഴ്സിലും നിറസാന്നിധ്യമാണ്.
അയർലന്റിലുടനീളമുള്ള കുട്ടികളുടെയും യുവജനങ്ങളുടെയും പ്രിയങ്കരനായ ഈ വൈദികൻ. അയർലണ്ടിലെ മുന്നൂറോളം വരുന്ന യുവജനങ്ങളുടെ SMYM ന്റെ അമരക്കാരനുയും അയർലണ്ടിലെ കുട്ടികളുടെ മിനിസ്ട്രിയുടെ അമരക്കാരനുയും ഈ യുവ വൈദികൻ തന്റെ സത്യർഹമായ സേവനം അനുഷ്ഠിച്ച് വരുന്നു.
ഫാ. രാജേഷിന് ഏറ്റവും കൂടുതൽ സംതൃപ്തി നൽകിയ നേട്ടം അയർലണ്ടിലെ 350 ഓളം അൾത്താര ശുശ്രൂഷികളായ കുഞ്ഞുങ്ങളെ മലയാളത്തിൽ തന്നെ കുർബാനയ്ക്ക് കൂടാൻ പരിശീലിപ്പിച്ചു എന്നതാണ്.
ഒരു ഗാനം രചിക്കുന്നത് ആദ്യമായാണെങ്കിലും സെമിനാരിയിൽ പഠിക്കുന്ന കാലത്ത് തുടർച്ചയായി ആറ് വർഷക്കാലം തന്റെ ബാച്ചുകാർക്കുവേണ്ടി നാടകങ്ങൾ എഴുതിയിരുന്നത് രാജേഷ് അച്ഛനായിരുന്നു. കൂടാതെ കെസിബിസിയ്ക്കുവേണ്ടി പലതവണ ബൈബിൾ നാടകങ്ങൾ എഴുതി സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുമുണ്ട് അനുഗ്രഹീത കലാകാരനായ ഫാ. രാജേഷ് മേച്ചിറാകത്ത്.
ചെറുകഥാ മത്സരങ്ങളിലും സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നിരവധി തവണ വാരിക്കൂട്ടിയ ഫാ. രാജേഷ് രണ്ടു തവണ സിനിമയ്ക്കുവേണ്ടി തിരക്കഥയും എഴുതിയിട്ടുണ്ട്. കൂടാതെ, രണ്ടു തവണ ടെലിഫിലിമിനുവേണ്ടിയും തിരക്കഥയെഴുതി കഴിവു തെളിയിച്ചയാളാണ് ഫാ. രാജേഷ്.
വിജയകരമായി സ്കിറ്റുകൾ സംവിധാനം ചെയ്യുന്നതിലും രാജേഷ് അച്ചൻ മികവ് തെളിയിച്ചിട്ടുണ്ട്.
പ്രകാശനം
പരിശുദ്ധ അമ്മയുടെ ജന്മദിനമായി ലോകമെമ്പാടും സെപ്റ്റംബർ 08 ന് ആഘോഷിക്കാനിരിക്കെ, അതിനു മുന്നോടിയായി സെപ്റ്റംബർ 06 ന് പരിശുദ്ധ അമ്മയ്ക്കുള്ള ഒരു സമ്മാനമായിട്ടാണ് ഈ ഗാനത്തെ ഫാ. രാജേഷ് സമർപ്പിക്കുന്നത്. കൊറോണ മാത്രമല്ല, ഏതൊരു രോഗിയ്ക്കും വേണ്ടിയുള്ള ഒരു പ്രാർത്ഥനാ ഗാനമായിട്ടാണ് ഈ ഗാനം തയ്യാറാക്കിയിരിക്കുന്നത്. സെപ്റ്റംബർ 06 ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് താലയിലെ പള്ളിയിൽ വച്ച് റീലീസ് ചെയ്യാനിരിക്കുന്ന “ഈ ലോകത്തെ കാക്കേണമേ… ഈ രോഗത്തെ മാറ്റേണമേ…” എന്ന ഗാനത്തിന്റെ ട്രെയ്ലർ ഇപ്പോൾ തന്നെ ജനശ്രദ്ധ നേടിയിരിക്കുകയാണ്.
കഥ, തിരക്കഥ, സംവിധാനം എന്നീ മേഖലകളിൽ നിരവധി തവണ കഴിവ് തെളിയിച്ച ഫാ. രാജേഷ് ആദ്യമായാണ് ഗാന രചനയിൽ തന്റെ തൂലിക ചലിപ്പിക്കുന്നത്. ഈ ഗാനത്തിന്റെ ട്രെയ്ലർ ഒരു തവണ കേട്ടവർ എല്ലാം, ഫുൾ സോങ് വരാൻ വേണ്ടി കാത്തിരിക്കുകയാണ്. അത്ര മനോഹരമാണീ ഗാനത്തിന്റെ വരികളും രാഗവും.
വരികൾ
മനസ്സലിയിക്കുന്ന ട്യൂണിലുള്ള ഈ ഗാനം കൊറോണക്കാലത്ത് രോഗമുക്തിയ്ക്കുവേണ്ടിയുള്ള ഒരു പ്രാർത്ഥനാ ഗാനമാണ്. എന്നാൽ, ഈ ഗാനം കൊറോണ എന്ന മഹാവ്യാധി മാത്രം മാറ്റാനുള്ള പ്രാർത്ഥനാ ഗാനമല്ല, മറിച്ച്, ഏത് രോഗത്തെയും മാറ്റാനുള്ള പ്രാർത്ഥനാ ഗാനമാണെന്ന് ഫാ. രാജേഷ് പറയുന്നു.
ഈ കൊറോണക്കാലത്ത്, കൊറോണയും മറ്റ് രോഗങ്ങളാലും വലയുന്ന പല രോഗികളുമായും അടുത്തിടപിഴകിയപ്പോൾ അവരുടെ നാവിൽ നിന്നും വീണു കിട്ടിയ ചില വാക്കുകളിൽ നിന്നാണ് ഈ ഗാനത്തിനുള്ള ആശയം അച്ഛന് ലഭിച്ചതെന്ന് അച്ചൻ വെളിപ്പെടുത്തി. എഴുതിത്തുടങ്ങിയപ്പോൾ വചനാധിഷ്ഠിതമായി പരിശുദ്ധ അമ്മ ഈശോയുടെ ജീവിതത്തിൽ ഇടപെട്ട നാല് സംഭവങ്ങൾ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ പരിശുദ്ധ മാതാവ് ഇടപെടുന്ന നാല് സംഭവങ്ങളുമായി കോർത്തിണക്കിയാണ് വരികൾ ചിട്ടപ്പെടുത്തിയത്. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ പരിശുദ്ധ അമ്മ ഇടപെടുന്ന നാല് സംഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്.
പാടിയത്
“ഈ ലോകത്തെ കാക്കേണമേ… ഈ രോഗത്തെ മാറ്റേണമേ…” എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് അനുഗ്രഹീത കലാകാരനായ കെസ്റ്റർ ആണ്.
നന്ദി
ഓർക്കസ്ട്ര ചെയ്തിരിക്കുന്നത് പ്രിൻസ് ജോസഫ്. ഫാ. സോണി, ഫാ. ക്ലമന്റ്, ഫാ. റോയ്, അഡ്വ. ഷിന്റോ കൂടപ്പാട്ട്, ബ്രൗൺ ബാബു എന്നിവരുടെ സഹകരണവും ഈ ഗാനത്തിന്റെ വിജയകരമായ ആവിഷ്കാരത്തിന് പുറകിലുണ്ടെന്ന് സന്തോഷത്തോടെ അനുസ്മരിക്കുന്നു ഫാ. രാജേഷ് മേച്ചിറാകത്ത്.