അയർലണ്ടിലെ പെനാൽറ്റി പോയിന്റ് കണക്കുകൾ വെളിപ്പെടുത്തിയതനുസരിച്ച് ഏറ്റവും ‘മോശം ഡ്രൈവർമാരുള്ള’ കൗണ്ടികൾ
ഏതൊക്കെയെന്ന് നോക്കാം. പുതിയ കണക്കുകൾ കാണിക്കുന്നതുപോലെ ലീഷ് (Laois), വെക്സ്ഫോർഡ് എന്നീ കൗണ്ടികളിലെ ഡ്രൈവർമാരാണ് അയർലണ്ടിലെ ഏറ്റവും മോശം ഡ്രൈവർമാർ. കഴിഞ്ഞ വർഷത്തെ പെനാൽറ്റി പോയിന്റുകളുടെ കണക്കനുസരിച്ചാണിത്.
ലീഷിലും വെക്സ്ഫോർഡിലും ഫുൾ ലൈസൻസ് അല്ലെങ്കിൽ ലെർനെർ പെർമിറ്റ് ഉള്ള 20 ശതമാനം ഡ്രൈവർമാർക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പെനാൽറ്റി പോയിന്റുകൾ നൽകിയിരുന്നു. പെനാൽറ്റി പോയിന്റുകളുടെ കാര്യത്തിൽ ദേശീയ ശരാശരി പോലും വെറും 16 ശതമാനം മാത്രമാണെന്നിരിക്കെയാണ് ഈ രണ്ടു കൗണ്ടികളിൽ 20 ശതമാനം പേർക്ക് പെനാൽറ്റി പോയിന്റുകൾ ലഭിച്ചിരിക്കുന്നത്.
പെനാൽറ്റി പോയിന്റിലെ തൊട്ടുപിറകിലുള്ള വിരുതന്മാർ ക്ലെയർ, ലിമെറിക്ക്, കിൽഡെയർ എന്നീ കൗണ്ടികളിലെ ഡ്രൈവർമാരാണ്.
ഏറ്റവും കുറവ് പെനാൽറ്റി പോയിന്റ് ലഭിച്ചത് ഡൊനെഗൽ കൗണ്ടിയിലെ ഡ്രൈവർമാർക്കാണ്.
വരാൻ പോകുന്ന രണ്ട് നിയമമാറ്റങ്ങൾ
‘ഐറിഷ് വനിത‘ നേരത്ത പ്രസിദ്ധീകരിച്ചിരുന്ന ഒരു വാർത്തയായിരുന്നു ലെർനെർ പെർമിറ്റ് ഉള്ള ഡ്രൈവർമാർക്ക് കുട്ടികളെ കാറിലിരുത്തി കാറോടിക്കാൻ സാധിക്കാത്ത നിയമം വരാൻ പോകുന്നു എന്നത്. ഈ നിയമം ഇതുവരെ നിലവിൽ വന്നിട്ടില്ലെങ്കിലും ഉടനെ വരും.
അതുപോലെ ഇപ്പോൾ ഇതാ പുതിയ ഒരു നിയമം കൂടി ഇതിനോടൊപ്പം കൊണ്ടുവരാൻ ആലോചിക്കുകയാണ് RSA. സന്ധ്യകഴിഞ്ഞാൽ യുവ-ഡ്രൈവർമാർക്ക് (YOUNG DRIVERS) കാറോടിക്കാൻ അനുമതി നല്കാതിരിക്കാനുള്ള ഏർപ്പാട് RSA ആലോചിച്ചുവരികയാണ്. ഇക്കാര്യത്തിൽ യങ്-ഡ്രൈവർ എന്ന് RSA ഉദ്ദേശിക്കുന്നത് ലെർനെർ പെർമിറ്റ് ഉള്ളവരെയല്ല. ഫുൾ ലൈസൻസ് ഉണ്ടെങ്കിൽ പോലും 24 വയസ്സ് വരെ പ്രായമുള്ളവരെയാണ് യങ്-ഡ്രൈവർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. മദ്യപിച്ചുള്ള ഡ്രൈവിംഗ് മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാനാണീ നീക്കം.