2500 ൽ അധികം കുട്ടികൾക്ക് തിങ്കളാഴ്ച മുതൽ ലീവിംഗ് സെർട്ട് പരീക്ഷ ആരംഭിക്കും, പകുതിയിലധികം പേർ ഒന്നോ രണ്ടോ വിഷയങ്ങളിൽ മാത്രമാണ് പരീക്ഷ എഴുതുന്നത്.
കൊറോണ വൈറസ് പാൻഡെമിക് മൂലം മെയ് മാസത്തിൽ നടത്താനിരുന്ന ലീവിങ് സെർട് പരീക്ഷയാണ് ഈ മാസം നടത്തുന്നത്. മെയ് മാസത്തിൽ പരീക്ഷ നടത്താൻ കഴിയാത്തതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് കണക്കാക്കിയ ഒരു ഗ്രേഡ് സമ്പ്രദായം അന്ന് അവതരിപ്പിച്ചിരുന്നു, അതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് അവരുടെ അധ്യാപകരിൽ നിന്ന് കണക്കാക്കിയ ഗ്രേഡുകളെ അടിസ്ഥാനമാക്കി ഫലങ്ങൾ ലഭിച്ചു, ഇത് ഒരു സ്റ്റാൻഡേർഡൈസേഷൻ പ്രക്രിയയ്ക്ക് വിധേയമാണ്. എങ്കിലും കണക്കുകൂട്ടിയ ഗ്രേഡുകൾ ലഭിച്ച വിദ്യാർത്ഥികൾക്കും ഈ നടക്കുന്ന ലീവിങ് സെർട് പരീക്ഷ എഴുതുവാനുള്ള ഓപ്ഷൻ ഉണ്ട്.
ഡിസംബർ 11 വരെ നടക്കുന്ന ലീവിങ് സെർട് എഴുത്തു പരീക്ഷകളിൽ 2,569 കുട്ടികൾ ഇപ്പോഴും പങ്കെടുക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പ് പറയുന്നു. ചില വിഷയങ്ങളിൽ പ്രതീക്ഷിച്ച ഗ്രേഡുകൾ ലഭിക്കാതെ നിരാശരായ പല കുട്ടികളും ഈത്തവണ വീണ്ടും പരീക്ഷ എഴുതുന്നു. ഒരു വിഷയത്തിൽ മാത്രം 879 കുട്ടികൾ എഴുത്തു പരീക്ഷ എഴുതുന്നു, 630 പേർ രണ്ട് വിഷയത്തിൽ, 449 കുട്ടികൾ മൂന്ന് വിഷയങ്ങളിലായും പരീക്ഷ എഴുതുന്നു. കൂടാതെ ഏഴ് വിഷയങ്ങളിലായി എൺപത്തിയെട്ട് കുട്ടികളും 24 കുട്ടികൾ എട്ടോ അതിലധികമോ വിഷയങ്ങളിൽ പരീക്ഷ എഴുതുന്നുവെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
പരീക്ഷ എഴുതുന്ന 874 കുട്ടികൾ ഡബ്ലിനിൽ നിന്നുള്ളവരാണ്. 222 പേർ കോർക്കിൽ നിന്നും 156 പേർ ഗോൽവേയിൽ നിന്നുമാണ്. പ്രവൃത്തിദിവസങ്ങളിൽ ഓരോ ദിവസവും ഒരു പരീക്ഷയും ശനി, ഞായർ ദിവസങ്ങളിൽ രണ്ട് പരീക്ഷകളും ഉണ്ടായിരിക്കും എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 1,003 രജിസ്ട്രേഷനുകളുള്ള ഏറ്റവും കൂടുതൽ പേർ എഴുതുന്ന വിഷയമാണ് ബയോളജി. 984 കുട്ടികൾ എഴുതുന്ന Maths ഉം തൊട്ടുപിന്നിലുണ്ട്. മൂന്നാമത് ഇംഗ്ലീഷ്, തുടർന്ന് കെമിസ്ട്രി, ഐറിഷ്.
കോവിഡ് -19 രോഗബാധിതനായ അഥവാ രോഗലക്ഷണങ്ങളുമായിട്ടുള്ള ഏതൊരു വിദ്യാർത്ഥിക്കും മാറ്റിവച്ച ലീവിംഗ് സെർട്ട് പരീക്ഷകൾക്ക് ഹാജരാകാൻ അനുവാദമില്ലെന്ന് the State Examinations Commission (SEC) അറിയിച്ചു. അയർലണ്ടിൽ നിന്നും മറ്റൊരു രാജ്യത്തേക്കോ മറ്റ് രാജ്യത്തുനിന്നും അയർലണ്ടിലേക്കോ യാത്ര ചെയ്തിട്ടുള്ള (പ്രധാനമായും ഐസൊലേഷനിൽ കഴിഞ്ഞവർക്കോ കഴിയുന്നവർക്കോ) ആർക്കും പരീക്ഷയിൽ പങ്കെടുക്കാൻ അനുവാദമില്ല എന്നും വിദ്യാഭ്യാസ വകുപ്പ് അഭിപ്രായപ്പെട്ടു.
ലീവിങ് സെർട് പരീക്ഷ എഴുതുന്ന 2569 കുട്ടികൾക്കും 60 ജൂനിയർ തലത്തിലുള്ള ലീവിങ് സെർട് പരീക്ഷാർത്ഥികൾക്കും വിദ്യാഭ്യാസ മന്ത്രി “നോർമ ഫോളി” ആശംസകൾ അറിയിച്ചു.