‘ദി ഫ്രണ്ട്ലൈൻ’ ഹ്രസ്വചിത്രം മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് ഒരു സമർപ്പണം

ഡബ്ലിൻ:  അയർലൻഡ് മലയാളി സലിൻ ശ്രീനിവാസിന്റെ തിരക്കഥയിൽ  ഡാലസ് ഭരതകല തീയറ്റേഴ്സ്‌ നിർമ്മിച്ച്‌ ഹരിദാസ് തങ്കപ്പൻ സംവിധാനം നിർവഹിച്ച ഹ്രസ്വചിത്രം ‘ദി ഫ്രണ്ട്ലൈൻ’ മെയ് 12  നഴ്‌സസ് ദിനത്തിൽ ലോകമെമ്പാടും കോവിഡ് പ്രതിരോധ യജ്ഞത്തിൽ മുൻനിരപോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് സമർപിച്ചുകൊണ്ട് വെബ് റിലീസ് ചെയ്തു.
ഡബ്ലിൻ തപസ്യ ഡ്രാമ തീയറ്റേഴ്‌സിന്റെ പ്രശസ്ത നാടകം ‘ലോസ്റ്റ് വില്ല’യുടെ രചയിതാവ് കൂടിയായ
സലിൻ ശ്രീനിവാസ് കഥയും തിരക്കഥയും നിർവഹിച്ച ‘ദി  ഫ്രണ്ട്ലൈൻ’ അമേരിക്കയിലെ ഡാലസിൽ കോവിഡ് ലോക്ക്ഡൗൺകാലത്ത് അഭിനേതാക്കൾ പൂർണ്ണമായും സ്വന്തം വീടുകളിൽ തന്നെ ചിത്രീകരിച്ചതാണ്.  ഈ പരീക്ഷണ ഹ്രസ്വചിത്രത്തിന്റെ കലാസംവിധാനം അനശ്വർ മാമ്പിള്ളി, എഡിറ്റിങ് ജയ് മോഹൻ, സംഗീതം  അശ്വിൻ രാമചന്ദ്രൻ. ബിന്ദു ടിജി ഗാനരചനയും ഗാന വിവർത്തനം ആമി ലക്ഷ്മിയും ആലാപനം ആശ്വിൻ രാമചന്ദ്രനും  ദീപ ജെയ്സണും നിർവ്വഹിച്ചു. ചാർളി അങ്ങാടിച്ചേരിൽ, ഉമ ഹരിദാസ്‌ എന്നിവർ തിരക്കഥാസഹായികൾ ആയി പ്രവർത്തിച്ചു.

ഡാലസിലെ അറിയപ്പെടുന്ന സ്വഭാവനടനപ്രതിഭകളായ മീന നിബു, ചാർളി അങ്ങാടിചേരിൽ എന്നിവർക്കൊപ്പം ലീലാമ്മ ഫ്രാൻസിസ്, ഐറിൻ കല്ലൂർ, ഉമാ ഹരിദാസ്, രോഹിത് മേനോൻ , അനശ്വർ മാമ്പള്ളി ,ഹരിദാസ് തങ്കപ്പൻ , സലിൻ ശ്രീനിവാസ്‌ എന്നിവർ ചേർന്ന് അഭിനയിച്ചിരിക്കുന്ന
ഈ പരീക്ഷണചിത്രം മൊബൈൽ ക്യാമറകളിലാണ് പകർത്തിയിരിക്കുന്നത്. ജയ്സൻ ആലപ്പാട്ട്‌, റയൻ നിബു,  ഏഞ്ചൽ ജ്യോതി, ആഷ്‌ലി കല്ലൂർ, സുനിത ഹരിദാസ് ,ഹർഷാ ഹരിദാസ് , ചാർളി അങ്ങാടിചേരിൽ , തേജസ്വി സാഗർ, അനന്യ റോസ് ദീപൻ എന്നിവരാണ് ഛായാഗ്രാഹകർ.
പ്രശസ്ത സിനിമാ ടെലി ഫിലിം നടനായ മണികണ്ഠൻ പട്ടാമ്പിയുടെ ചിന്തോദ്‌ദീപകമായ വീഡിയോ സന്ദേശത്തോടൊപ്പം എത്തിന്ന ‘ദി ഫ്രണ്ട്ലൈൻ’ ഹ്രസ്വ ചിത്രത്തിന്റെ യുട്യൂബ് പ്രദർശനോത്ഘാടനം ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെയും ക്ഷണിക്കപ്പെട്ട വ്യക്തികളുടെയും ടെലി കോൺഫറൻസിൽ  നൈന (നാഷണൽ അസോസിയേഷൻ ഓഫ് ഇൻഡ്യൻ നഴ്‌സസ് ഓഫ് അമേരിക്കയുടെ) പ്രസിഡന്റ് ഡോ: ആഗ്നസ് തേറാഡി നിർവ്വഹിച്ചു.ആതുരസേവകരെ ആദരിക്കുവാൻ ഉൽബോധിപ്പിക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ശ്രീമതി ആഗ്നസ്‌ അനുമോദിച്ചു.
2020 ലെ കോവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ ഈ ഹ്രസ്വചിത്രം അവതരിപ്പിക്കപെട്ടതു തികച്ചും അവസരോചിതമായി.
Share This News

Related posts

Leave a Comment