കൊറോണ വൈറസിനെ പ്രതിരോധിക്കാം; വേണം ചില മുൻകരുതലുകൾ

കൊറോണ വൈറസിനെ പ്രതിരോധിക്കണമെങ്കിൽ നമുക്ക് വേണം ശക്തമായ മുൻകരുതലുകൾ. ഇതിനായി നാം പിന്തുടരേണ്ട കാര്യങ്ങൾ….

ഈ കാര്യങ്ങൾ ശ്രദ്ധിക്കുക :

വൈറസ് ബാധിച്ച ഒരാളില്‍ ഏറ്റവും ആദ്യം പ്രകടമാകുന്നത് ജലദോഷം, പനി, ചുമ എന്നീ ആദ്യ ലക്ഷണങ്ങളാണ്. ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗ ലക്ഷണങ്ങൾ കൂടുതൽ വികസിച്ച് ന്യുമോണിയ ആയി മാറാൻ സാധ്യതയുണ്ട്. ശ്വാസതടസ്സം, തൊണ്ടവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളും ഇതോടൊപ്പം പ്രകടമായേക്കാം. ലക്ഷണങ്ങൾ മൂർച്ഛിക്കുന്നതോടെ ശ്വാസകോശത്തിന്റെ ഭാഗങ്ങളിൽ നീര്‍വീക്കം ഉണ്ടാകുകയും രോഗിക്ക് പ്രതിരോധ ശേഷി മുഴുവനായി നഷ്ടപ്പെടുകയും ചെയ്തേക്കാം. ഈ അവസ്ഥ രോഗിയുടെ മരണത്തിന് പോലും കാരണമാകുന്നു.

കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ഏറ്റവും ആവശ്യം വ്യക്തമായ മുൻകരുതലുകളാണ്. കൃത്യമായ മുൻകരുതലുകൾ പിന്തുടരുകയാണെങ്കിൽ എളുപ്പത്തിൽ നമുക്ക് ഇതിനെ പ്രതിരോധിക്കാൻ കഴിയും. മുൻകരുതലെന്ന നിലയിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് നോക്കാം :-

☛ രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നതാണ് പ്രതിരോധത്തിനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം.

☛ ചൈനയിലാണ് രോഗം ഏറ്റവും ആദ്യം സ്ഥിരീകരിച്ചത്. രോഗം പടർന്നു പിടിച്ച നാളുകളിൽ ഈ നാട്ടിലേക്ക് യാത്ര ചെയ്തിട്ടുള്ള ആളുകൾ ആരോഗ്യവിദഗ്ധരെ വിവരമറിയിച്ച് വേണ്ട നടപടികളും രോഗനിർണയവും നേടിയെടുക്കുക.

☛ കൂടാതെ നിങ്ങൾ കുറച്ചുനാളത്തേക്ക് പുറം സമ്പർക്കങ്ങൾ ഒഴിവാക്കുക.

☛ എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഡോക്ടറെ കണ്ട് ഇതിന് ആവശ്യമായ മരുന്നുകൾ കഴിക്കുക. ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിലേക്ക് പോകുമ്പോൾ മാസ്ക് ധരിക്കാൻ ഓർമ്മിക്കുക.

☛ വ്യക്തിശുചിത്വത്തിന് പ്രാധാന്യം നൽകുക

☛ വൃത്തിഹീനമായ കൈകൾ ഉപയോഗിച്ചുകൊണ്ട് മൂക്ക് കണ്ണ് എന്നീ ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക

☛ കൈകള്‍ ഏറ്റവും നന്നായി കഴുകി കൊണ്ട് അണുവിമുക്തമാക്കാനായി ആൽക്കഹോൾ അടങ്ങിയിട്ടുള്ള ഒരു സാനിറ്റൈസര്‍ ഉപയോഗിക്കുക.

☛ കൂടാതെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്ന ശീലം ദിവസത്തിൽ കൂടുതൽ തവണ പരിശീലിക്കുക.

☛ തുടർച്ചയായി ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം പതിവായി അണുവിമുക്തമായി സൂക്ഷിക്കുക.

☛ കയ്യിൽ എല്ലായ്പ്പോഴും ഒരു ഹാൻഡ് ടിഷ്യു പേപ്പർ സൂക്ഷിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം അണുക്കള്‍ പകരാതിരിക്കാനായി മൂക്കും വായയും ഇത് ഉപയോഗിച്ച് മറച്ചു പിടിക്കാം. ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കേണ്ടതില്ല.

☛ മാംസ ഭക്ഷണങ്ങൾ ഈ നാളുകളിൽ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. ഉപയോഗിക്കുകയാണെങ്കിൽ തന്നെ അത് ഏറ്റവും നന്നായി പാകം ചെയ്ത ശേഷമാണ് എന്ന് ഉറപ്പുവരുത്തുക.

☛ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളും പഴവർഗങ്ങളും കൂടുതൽ കഴിക്കുക

☛ രോഗബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള സന്ദർശനം പൂർണമായും ഒഴിവാക്കുക.

☛ യാത്ര ചെയ്യാനായി കഴിവതും സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുക. രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ആശുപത്രിയിലേക്ക് പോകാനായി ഒരു കാരണവശാലും പൊതു വാഹനങ്ങൾ ഉപയോഗിക്കരുത്.

☛ രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഉണ്ടാകുന്ന സ്രവങ്ങളില്‍ നിന്നും കൊറോണ വൈറസ് എളുപ്പത്തിൽ പകരാനുള്ള സാധ്യത ഉടലെടുക്കുന്നു. അതുകൊണ്ടു തന്നെ തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക.

☛ വളർത്തുമൃഗങ്ങൾ ഒന്നും തന്നെ കൊറോണ വൈറസ് പടർത്താൻ കാരണമാകുന്നു എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിൽ തന്നെയും ഇവയുമായുള്ള സമ്പർക്കത്തിന് ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കുക. സാധാരണ രീതിയിലുള്ള ഫ്ലൂ ഉണ്ടാകുന്നതിന് കാരണമാകുന്ന ബാക്ടീരിയകൾക്ക് എതിരെ പ്രതിരോധവലയം സൃഷ്ടിക്കാൻ ഇത് സഹായിക്കും.

 

Share This News

Related posts

Leave a Comment