കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് 19 അണുബാധയുള്ളത് അയർലണ്ടിലാണെന്ന് പുതിയ റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അയർലണ്ടിൽ കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ ഒരു ദശലക്ഷം ആളുകൾക്കിടയിൽ 10,100 കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചു. ഈ നിരക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലോകത്തിലെ ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച രാജ്യമായി അയർലൻഡിനെ മാറ്റുന്നു. എന്നുവച്ചാൽ ജനസംഖ്യയുടെ കണക്കനുസരിച്ച് നോക്കിയാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അയർലണ്ടിലാണ് കോവിഡ് രോഗബാധ ഏറ്റവും കൂടുതൽ.
ഇന്ന് ഉച്ചവരെ 1,575 പേർ വൈറസ് ബാധിതരായി അയർലണ്ടിലെ ആശുപത്രികളിൽ ഉണ്ട്, അതിൽ 146 പേർ ഐസിയുവിലാണ്. നാഷണൽ വൈറസ് റഫറൻസ് ലാബ് പരിശോധിച്ച 92 പോസിറ്റീവ് ടെസ്റ്റുകളുടെ ഏറ്റവും പുതിയ സാമ്പിൾ 45 ശതമാനം പോസിറ്റീവ് കേസുകളും യുകെ വേരിയന്റിലാണെന്ന് കാണിക്കുന്നു, ഇത് അയർലണ്ടിൽ വർദ്ധിച്ചുവരുന്ന സാന്നിധ്യം കാണിക്കുന്നു എന്ന് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ജനങ്ങൾ ജാഗ്രത കർശനമായി തുടരുവാൻ ഐറിഷ് ഗവണ്മെന്റ് നിർദ്ദേശിക്കുന്നു.