ഒടുവില്‍ മൈക്കിള്‍ മാര്‍ട്ടിന്റെ പ്രധാനമന്ത്രി സ്വപ്നം പൂവണിഞ്ഞു

അയര്‍ലണ്ടിന്റെ  പ്രധാനമന്ത്രിയായി ഫിനഫോള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ ഇന്ന് (27 June 2020) സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്നു രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് സത്യ വാചകം ചൊല്ലിക്കൊടുത്തു.അത്യന്തം നാടകീയമായ കാര്യങ്ങള്‍ ആയിരുന്നു കഴിഞ്ഞ അഞ്ച് മാസമായി ഐറിഷ് രാഷ്ട്രീയത്തില്‍ നടന്നത്. ഫെബ്രുവരി മാസം 8ാം തീയതി നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ക്ക് ഒന്നും ഭരിക്കുന്നതിനു ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പാര്‍ലമെന്റിലെ എറ്റവും വലിയ ഒറ്റ കക്ഷി ആയ സിനഫെയ്ന്‍ അധികാരത്തില്‍ വരാതെ ഇരിക്കുവാന്‍ വേണ്ടി ബദ്ധവൈരികള്‍ ആയ ഫിനഗേലും ഫിനഫോളും ഗ്രീന്‍ പാര്‍ട്ടിയുടെ മദ്ധ്യസ്ഥതയില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ സിനഫെയ്ന്‍ നേതാവ് മേരി ലൂ മക്ഡോണാള്‍ഡിന്റെ പ്രധാനമന്ത്രി സ്വപ്നങ്ങള്‍ തകിടം മറിഞ്ഞു.ഇത് സിന്‍ഫെയ്ന്‍ പ്രവര്‍ത്തകര്‍ക്ക് രാജ്യമൊട്ടാക്കെ കടുത്ത നിരാശയാണ് ഉണ്ടാക്കിയത്.പല സിന്‍ഫെയ്ന്‍ പ്രവര്‍ത്തകരും സാമൂഹിക
മാധ്യമങ്ങള്‍ വഴി അവരുടെ പ്രതിഷേധം പ്രകടിപ്പിക്കുന്ന കാഴ്ച്ച ഇന്നു കണ്ടു.

2011 മുതല്‍ ഐറിഷ് പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതൃസ്ഥാനം അലങ്കരിച്ച മുതിര്‍ന്ന ഫിനഫോള്‍ നേതാവ് ആണ് 59കാരന്‍ ആയ ശ്രീ മീഖാല്‍ മാര്‍ട്ടിന്‍.

അദ്ധ്യാപനമായിരുന്നു ശ്രീ മൈക്കിള്‍ മാര്‍ട്ടിന്റെ ആദ്യ പ്രവര്‍ത്തന മേഖല.തുടര്‍ന്ന് അദ്ദേഹം പൊതു പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി അദ്ധ്യാപനം ഉപേക്ഷിച്ചു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയി മാറി.1985 കോര്‍ക്ക് കൗണ്ടി കൗണ്‍സിലിലേക്ക് മത്സരിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതത്തിനു ആരംഭം കുറിച്ചത്.

1987ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കോര്‍ക്ക് സൗത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും ഫിനഫോള്‍ സ്ഥാനാര്‍ത്ഥി ആയി പാര്‍ലമെന്റലേക്ക് ഉള്ള തന്റെ കന്നി അങ്കത്തിനു തുടക്കം കുറിച്ചു. പക്ഷെ ,നിര്‍ഭാഗ്യവശാല്‍ ആദ്യം തന്നെ അദ്ദേഹത്തിനു കാല്‍ ഇടറി.

തുടര്‍ന്ന് അദ്ദേഹം 1988ല്‍ ഫിനഫോളിന്റെ ദേശീയ എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.പിന്നാലെ 1989-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോര്‍ക്ക് സൗത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടിയ മീഖാലിന്റെ തെരഞ്ഞെടുപ്പ് ജൈത്ര യാത്ര ,അത് ഇന്നും പരാജയം അറിയാതെ മുന്‍പോട്ട് കുതിക്കുന്നു.

1997 മുതല്‍ അധികാരത്തില്‍ വന്ന ഫിനഫോള്‍ മന്ത്രിസഭകളില്‍ അദ്ദേഹം വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യ്തു.2004ല്‍ മൈക്കിള്‍ മാര്‍ട്ടിന്‍ ആരോഗ്യ മന്ത്രി ആയി ഇരിക്കുമ്പോള്‍ ആണ് തൊഴിലിടങ്ങളില്‍ പുകവലി നിരോധനം ആദ്യമായി എര്‍പ്പെടുത്തി, നിയമ നിര്‍മ്മാണം നടത്തിയത്. ലോകവ്യാപകമായി ഒരുപാട് പ്രശംസ ലഭിച്ച ഒരു തീരുമാനമായിരുന്നു അത്.

2008ല്‍ അധികാരത്തില്‍ വന്ന ശ്രീ ബ്രയന്‍ ബര്‍ണാഡ് കോവന്റെ നേതൃത്വത്തില്‍ ഉള്ള മന്ത്രിസഭയില്‍ വിദേശകാര്യ വകുപ്പ് മന്ത്രിസ്ഥാനം കൈകാര്യം ചെയ്യ്ത മാര്‍ട്ടിന്‍ , പ്രധാനമന്ത്രി കോവന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചു ഉള്‍പാര്‍ട്ടി കലാപത്തിനു നേതൃത്വം കൊടുത്തു കൊണ്ടു 2010-ല്‍ തന്റെ മന്ത്രി സ്ഥാനം രാജി വെച്ചു. തുടര്‍ന്ന് 2011 ജനുവരിയില്‍ നടന്ന ഫിനഫോളിന്റെ പാര്‍ട്ടി സമ്മേളനത്തില്‍ അതിരൂക്ഷമായ കെടുകാര്യസ്ഥതയെയും സാമ്പത്തിക പ്രതിസന്ധികളെയും തുടര്‍ന്ന് ഉടലെടുത്ത സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ സാധിക്കാതെ ശ്രീ ബ്രയന്‍ കോവന്‍ പ്രധാനമന്ത്രി സ്ഥാനവും പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞപ്പോള്‍ പകരം പാര്‍ട്ടി നേതാവായി മീഖാല്‍ മാര്‍ട്ടിനെ തെരഞ്ഞെടുത്തു.

മാര്‍ട്ടിന്‍ നേതാവായതിനു ശേഷം പാര്‍ട്ടി നേരിട്ട ആദ്യ തെരഞ്ഞെടുപ്പില്‍ ഫിനഫോള്‍ ചരിത്രത്തിലെ എറ്റവും വലിയ തോല്‍വി എറ്റ് വാങ്ങി 17% വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് ചുരുങ്ങുന്ന കാഴ്ച്ച ഐറിഷ് രാഷ്ട്രീയം കണ്ടു.

ഒടുവില്‍ ഒരു ദശാബ്ദം പ്രതിപക്ഷ നേതാവായി ഇരുന്ന മൈക്കിള്‍ മാര്‍ട്ടിന്റെ പ്രധാനമന്ത്രി സ്വപ്നം കൂട്ടുകക്ഷി സര്‍ക്കാരിലൂടെ ഇന്നു പൂവണിഞ്ഞു.തുടര്‍ന്നുള്ളദിവസങ്ങളില്‍ മാര്‍ട്ടിന്‍ സര്‍ക്കാര്‍ എന്തൊക്കെ ജനഹിതകരമായ കാര്യങ്ങളാണ് ചെയ്യുവാന്‍ പോകുന്നത് എന്നു കണ്ട് കാണാം.

വാർത്ത: രജിത് വെക്സ്ഫോർഡ്
ക്രെഡിറ്റ്: വിക്കിപ്പീഡിയ

 

Share This News

Related posts

Leave a Comment