അയർലണ്ടിൽ നിന്നുള്ള മലയാളികളുടെ സംരംഭമായ ഹ്രസ്വചിത്രം താരാട്ട് യൂട്യൂബിൽ റിലീസ് ചെയ്തു.
അബോർഷൻ എന്ന സാമൂഹ്യ വിഷയത്തെ വളരെ വ്യക്തിപരവും ആത്മീയവുമായ വീക്ഷണങ്ങളിലൂടെ നോക്കിക്കാണുന്ന ഒരു ഹ്രസ്വചിത്രമാണ് താരാട്ട് . പാരമ്പര്യവും പുരോഗമനവും തമ്മിലുള്ള പോരാട്ടത്തിൽ മൂല്യങ്ങളുടെ വില തേടുകയാണ് ഈ കൊച്ചു ചിത്രം.
വളരെ നാളുകളായി അമ്മയാകണമെന്ന തീവ്രാഭിലാഷം കൊണ്ടുനടക്കുന്ന ഡോണയ്ക്കു വലിയ ആഘാതമാണ് തനിക്ക് ഒരിക്കലും ഒരു സ്വന്തം കുഞ്ഞിന് ജന്മം കൊടുക്കാൻ സാധിക്കുകയില്ലെന്ന ഡോക്ടറുടെ വിധി. എന്നാൽ വിലപിക്കാൻ സമയം കിട്ടുന്നതിന് മുന്നേ ഇളയ സഹോദരി ഡയാന ഗർഭിണിയായിരിക്കുന്നു എന്ന വാർത്ത ഡോണയ്ക്കു കൊടുക്കുന്ന സന്തോഷം അധികം നീണ്ടു നിൽക്കുന്നില്ല. ഇവരുടെ അമ്മ എലിസബത്ത് ആണെങ്കിൽ മക്കൾക്ക് നല്ലതു മാത്രം വരണമെന്ന് ആഗ്രഹിക്കുകായും ചെയ്യുന്നു.
ഇരു സഹോദരിമാരും അവരുടെ അമ്മയും തമ്മിലുള്ള ബന്ധവും അമ്മ എന്ന സങ്കല്പത്തിന്റെ അർഥതലങ്ങളുമാണ് ക്രിസ്മസിന്റെ പശ്ചാത്തലത്തിൽ പത്തു മിനിറ്റ് ദൈർഘ്യമുള്ള ഈ കൊച്ചു ചിത്രം മനോഹരമായി പറയാൻ ശ്രമിക്കുന്നത്.
ഡോണയായി വേഷമിടുന്ന സിജി ജോസ് ഈ കഥാപാത്രത്തിന്റെ വൈകാരികതകളെ അനായാസമായി കൈകാര്യം ചെയ്തിട്ടുണ്ട്. ഡയാനയുടെ റോളിൽ ഷെറിൻ റെജിയും തിളങ്ങുന്നു. എലിസബത്തിനെ അവതരിപ്പിച്ച സിമി സജീവ് , മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സെറിൻ ഫിലിപ്പ് , സ്റ്റിജോ സണ്ണി . ബാബു ജോസഫ് എന്നിവരും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നു.
കിരൺ ബാബു കാരാലിലിന്റെ മനോഹര ചിത്രീകരണത്തിന് പുതു സംഗീത സംവിധായകൻ നിഖിൽ എബ്രഹാം തോമസിന്റെ പശ്ചാത്തല സംഗീതം ആത്മാവ് പകരുന്നു . ചിത്രത്തിന്റെ എഡിറ്റിംഗ് ടോബി വർഗീസാ ണ് നിർവഹിച്ചത്.