മേരി ലൂയിസ് മക്ഡോണാള്‍ഡ് അയര്‍ലണ്ടിന്റെ ആദ്യ വനിത പ്രതിപക്ഷ നേതാവായി ചുമതലയേറ്റു.
മേരി ലൂയിസ് മക്ഡോണാള്‍ഡ് അയര്‍ലണ്ടിന്റെ ആദ്യ വനിത പ്രതിപക്ഷ നേതാവ് ആയി. ഡബ്ലിന്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും ഉള്ള ടി.ഡി യാണ് 51 വയസ് ഉള്ള മേരി ലൂയിസ് മക്ഡോണാള്‍ഡ്.
1969മെയ്യ് 1ാം തീയതി ഡബ്ലിനിലെ ഒരു സാധാരണ മദ്ധ്യവര്‍ഗ്ഗ കുടുംബത്തില്‍ പാട്രിക് മാക്ഡോണാള്‍ഡിന്റെയും ജോഹാന്നയുടെയും നാല് മക്കളില്‍ രണ്ടാമതായാണ് മേരിയുടെ ജനനം.9ാം വയസില്‍ മേരിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് മേരിയുടെ ജീവിതം മാതാവ് ജോഹാനക്ക് ഒപ്പം ഡബ്ലിന്‍ രാത്ഗരിനിൽ ആയിരുന്നു.
സൗത്ത് ഡബ്ലിനിലെ കത്തോലിക്കാ മിഷന്‍ സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച മേരി, ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുവാന്‍ ട്രിനിറ്റി കോളജില്‍ ചേര്‍ന്നു അവിടെ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. 1995ൽ യൂറോപ്യന്‍ ഇന്‍റഗ്രേഷന്‍ സ്റ്റഡീസില്‍ ലിംമെറിക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് യൂറോപ്യന്‍ അഫയേഴ്സില്‍ ഗവേഷക ആയി ചുമതല ഏറ്റു. ഇതിനിടയില്‍ മേരിയുടെ ഇളയ സഹോദരി ജോഹാന സോഷ്യലിസ്റ്റ് റിപബ്ളിക്കന്‍ പാര്‍ട്ടിയിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു.
സഹോദരിയുടെ പൊതു പ്രവര്‍ത്തനം മേരിയുടെ ജിവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി. അതിന്റെ ഫലമായി ഐറിഷ് നാഷണല്‍ കോണ്‍ഗ്രസില്‍ സാധാരണ പ്രവര്‍ത്തകയായി പൊതു പ്രവര്‍ത്തനം ആരംഭിച്ച മേരി 2000-ല്‍ അതിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് വരെ എത്തി. തുടര്‍ന്ന് അതുവഴി സിനഫെയ്നില്‍ അംഗത്വം നേടിയ മേരി 2001-ല്‍ സിനഫെയ്ന്റെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്നു. ദേശീയ വ്യാപകമായി അന്നത്തെ സര്‍ക്കാരുകള്‍ക്ക് എതിരെ സിനഫെയ്ന്‍ നടത്തിയ വിവിധ പ്രക്ഷോഭ പരിപാടികളില്‍ നിറസാന്നിധ്യമായ മേരിക്ക് 2002-ലെ പൊതു തിരഞ്ഞെടുപ്പില്‍ ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തില്‍ ജനവിധി തേടുവാന്‍ സിനഫെയ്ന്‍ അവസരം കൊടുത്തു.
ശക്തമായ ഒരു മത്സരം കാഴ്ച്ച വെച്ച് 8.02%വോട്ടുകള്‍ നേടി തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്ത് തന്റെ സാന്നിധ്യം അറിയിച്ചു.
എങ്കിലും തെരഞ്ഞെടുപ്പില്‍ വിജയം മേരിക്കും സിനഫെയ്നും അല്പം അകലെ ആയിരുന്നു.
2003-ല്‍ ഡബ്ലിനില്‍ വെച്ച് നടന്ന ഷോന്‍ റോസ് അനുസ്മരണ സമ്മേളനത്തില്‍ മേരി ലൂ നടത്തിയ വിവാദ പ്രസംഗം അയര്‍ലെണ്ടില്‍ ഉടനീളം കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
പിന്നാലെ 2004-ല്‍ നടന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഡബ്ലിന്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ചു അറുപതിനായിരത്തില്‍ അധികം മുന്‍ഗണന വോട്ടുകള്‍ നേടി MEP-യായി തെരഞ്ഞടുക്കപ്പെട്ടു .മേരി ലൂവിന്റെ വിജയത്തോടു കൂടി ബ്രസ്സല്‍സിലെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ചരിത്രത്തില്‍ ആദ്യമായി സിനഫെയ്നു അയര്‍ലണ്ടില്‍ നിന്നും ഒരു പ്രതിനിധിയെ അയക്കുവാന്‍ സാധിച്ചു.
മേരി ലൂവിന്റെ ബ്രസ്സല്‍സിലെ പ്രവര്‍ത്തനങ്ങള്‍ വളരെ അധികം പ്രശംസ നേടി.പക്ഷെ അന്നേരവും ഐറിഷ് പാര്‍ലമെന്റ് മേരിക്ക് ബാലികേറാ മല ആയിരുന്നു. 2007-ലും മേരി ഐറിഷ് പാര്‍ലമെന്റിലേക്കു മത്സരിച്ചു പരാജയപ്പെട്ടു.
2009 ഫെബ്രുവരിയില്‍ നടന്ന സിനഫെയ്ന്‍ ദേശീയ അസംബ്ലിയില്‍ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട മേരി ,ശേഷം നടന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.പക്ഷെ, ജനഹിതം മേരിക്ക് എതിര്‍ ആയിരുന്നു.
പിന്നീട് ഐറിഷ് ദേശീയ രാഷ്‌ട്രീയത്തില്‍ മുഴുവന്‍ സമയവും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച മേരി, 2011-ലെ ഡബ്ലിന്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നുള്ള അത്യുജ്‌ജ്വല വിജയം ഐറിഷ് പാര്‍ലമെന്റിലേക്കുള്ള തന്റെ ആദ്യ ചവിട്ടുപടിയാക്കി.
2017 നവംബര്‍ 18-ാം തീയതി ജെറി ആഡംസ് സിനഫെയ്ന്റെ ദേശീയ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ പാര്‍ട്ടിയെ മുന്‍പോട്ട് നയിക്കുവാന്‍ വേണ്ടി ശ്രീമതി മേരി ലൂയിസ് മക്ഡോണാള്‍ഡിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
2019 നവംബറില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലേക്കും, ഐറിഷ് പ്രാദേശീക കൗണ്‍സിലിലേക്കും, ഒരുമിച്ച് നടന്ന തെരഞ്ഞെടുപ്പില്‍ സിനഫെയ്നു പ്രതികൂലമായ ഒരു ജനവിധിയാണ് ഉണ്ടായത്.ദേശീയ മാദ്ധ്യമങ്ങള്‍ മേരിയുടെ നേതൃത്വത്തിനെ വളരെ വിമര്‍ശിച്ചു. എന്നാല്‍ ക്യത്യം ഒന്‍പത് മാസത്തിനു ശേഷം നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം സിനഫെയ്ന്‍ കാഴ്ച്ച വെച്ചു.അഭിപ്രായ സര്‍വ്വേകളെപ്പോലും അസ്ഥാനത്താക്കി,
മൊത്തം പോള്‍ ചെയ്യ്തതില്‍ 24.5% വോട്ട് നേടി 37 ടി ഡി മാരുമായി സിനഫെയ്ന്‍, പാര്‍ലമെന്റിലെ രണ്ടാമത്തെ വലിയ ഒറ്റകക്ഷി ആയി. ഇത് സ്വാഭാവികമായി മേരി ലൂവിനും,സിനഫെയ്നും,അയര്‍ലണ്ടിന്റെ ഭരണചക്രം തിരിക്കുവാനുള്ള മോഹത്തിനു നിറം പകര്‍ന്നു.എങ്കിലും, പ്രായോഗീക രാഷ്ട്രീയ ചാണക്യന്‍മാര്‍ ആയ ലിയോ വരേദ്ക്കറുടെയും മീഖാല്‍ മാര്‍ട്ടിന്റെയും സഖ്യ കക്ഷി സര്‍ക്കാര്‍ എന്ന പതിനെട്ടാം അടവിന്റെ മുന്‍പില്‍ സിനഫെയ്നും മേരീ ലൂവിനും അടിപതറി. അല്ലായിരുന്നു എങ്കില്‍ മേരി ലൂയിസ് മക്ഡോണാള്‍ഡ് അയര്‍ലണ്ടിന്റെ ആദ്യ വനിത പ്രധാനമന്ത്രി എന്ന പദം അലങ്കരിക്കുമായിരുന്നു.
പക്ഷെ ,ഇപ്പോള്‍ മേരിക്കു ലഭിച്ചത് അയര്‍ലണ്ടിലെ ആദ്യ വനിത പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം ആണ്.
വാർത്ത: രജിത് വെക്സ്ഫോർഡ്
ക്രെഡിറ്റ്: വിക്കിപ്പീഡിയ