ആരോഗ്യ മേഖലയില്‍ “ഓഫ് കോണ്‍ട്രാക്ട്” ഏജന്‍സികളുടെ സേവനം അവസാനിപ്പിക്കാന്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട്

 

ആരോഗ്യ മേഖലയിലെ തൊഴില്‍ രംഗത്ത് നിര്‍ണ്ണായകമായ മാറ്റത്തിനൊരുങ്ങി നോര്‍ത്തേണ്‍ അയര്‍ലണ്ട്. ഈ മേഖലയിലെ ഓഫ് കോണ്‍ട്രാക്ട് ഏജന്‍സികളുടെ സേവനം അവസാനിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ആരോഗ്യമന്ത്രി റോബിന്‍ സ്വാന്‍ ആണ് ഇക്കര്യം പ്രഖ്യാപിച്ചത്. ഇത് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നേഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഹെല്‍ത്ത് സര്‍വ്വീസില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കും.

ഓഫ് കോണ്‍ട്രാക്ട് ഏജന്‍സി സേവനങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നിയമനങ്ങള്‍ ഉടന്‍ നടക്കും. ഹെല്‍ത്ത് സര്‍വ്വീസുമായി കൃത്യമായ കരാറുകള്‍ ഇല്ലാത്തതിനാല്‍ ഓവര്‍ ടൈമിനും മറ്റും ഓഫ് കോണ്‍ട്രാക്ട് ഏജന്‍സികള്‍ക്ക് കൂടുതല്‍ തുക ഈടാക്കാന്‍ കഴിയും ഇത് ആരോഗ്യ വകുപ്പിന് സാമ്പത്തീകമായി നഷ്ടമാണ്.

2018/19 മുതല്‍ 2021/22 വരെയുളള കണക്കുകള്‍ പരിശോധിച്ചാല്‍ ഓഫ് കോണ്‍ട്രാക്ട് ഏജന്‍സികളുടെ ചെലവ് 27 മില്ല്യണ്‍ യൂറോയില്‍ നിന്നും 101 മില്ല്യണ്‍ യൂറോയായിട്ടാണ് ഉയര്‍ന്നത്.

എന്നാല്‍ കൃത്യമായ കോണ്‍ട്രാക്ടില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള ഏജന്‍സികള്‍ക്ക് ഇനിയും തുടരാം. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഈ മാറ്റം നേരിട്ട് ഹെല്‍ത്ത് സര്‍വ്വീസില്‍ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചേക്കുമെങ്കിലും ഏജന്‍സികള്‍ വഴിയുള്ള തൊഴില്‍ സാധ്യതകള്‍ കുറഞ്ഞേക്കും.

Share This News

Related posts

Leave a Comment