പാരമ്പര്യത്തനിമയിൽ ‘നീനാ കൈരളി’യുടെ ഓണാഘോഷങ്ങൾ 25 ന് നടക്കും 

നീനാ (കൗണ്ടി ടിപ്പററി ) : ഓണം ഒരു ഓർമ്മ പുതുക്കലാണ് ,കഴിഞ്ഞുപോയ കാലത്തിന്റെയും,ബാല്യത്തിന്റെയും,അന്യമാകുന്ന നന്മയുടെയും ,സന്തോഷത്തിന്റെയും ,സമാധാനത്തിന്റെയും പ്രതീക്ഷകളുമായി പൂക്കളമിട്ട് ആരവങ്ങളും ആർപ്പുവിളികളുമായി നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ വന്നെത്തി .ഓഗസ്റ്റ് 25 ന് നീനാ സ്കൗട്ട് ഹാളിൽ വച്ച് രാവിലെ 9 മണിക്ക് ആഘോഷങ്ങൾക്ക് തുടക്കമാകും .
 മുൻ വർഷങ്ങളിലെ പോലെ തന്നെ ആഴ്ചകൾക്ക് മുന്നേ ആരംഭിക്കുന്ന നീന കൈരളിയുടെ ഓണാഘോഷങ്ങളിൽ ഇതിനോടകം കുട്ടികളുടെ പെയിന്റിംഗ് ,കളറിംഗ് ,പുഞ്ചിരി മത്സരം,കുട്ടികളുടെയും മുതിർന്നവരുടെയും ക്വിസ് മത്സരങ്ങൾ , കൂടാതെ കാണികളെയും പങ്കെടുത്തവരെയും ആവേശക്കൊടുമുടിയിൽ എത്തിച്ച അത്യന്തം വാശിയേറിയ വടംവലി ഉൾപ്പെടെ വിവിധ കായിക മത്സരങ്ങളും നടന്നു കഴിഞ്ഞു. ഓഗസ്റ്റ് 25ന് ചെണ്ടമേളവും താലപ്പൊലിയുമേന്തി മാവേലിയെ വരവേൽക്കാൻ നീനാ കുടുംബാംഗങ്ങൾ ഒരുങ്ങുമ്പോൾ ആരവങ്ങൾക്ക് ആവേശം പകരാൻ കസേരകളിയും, കലാപരിപാടികളും, മെഗാ തിരുവാതിരയും ,എന്നും ഓണത്തെ ഓർമ്മപ്പെടുത്തുന്ന വിഭവ സമൃദ്ധമായ ഓണസദ്യയും അണിയറയിൽ സജ്ജമാണ് .
 ആരവങ്ങൾ പടിയിറങ്ങുമ്പോൾ മത്സര വിജയികൾക്കുള്ള സമ്മാനദാനത്തിന് പുറമേ പുരുഷ /വനിതാ വിഭാഗത്തിന്റെ വടംവലി മത്സരത്തിന്റെ വിജയികൾക്കും ,കാണികളെ ആവേശത്തേരിലേറ്റിയ ക്രിക്കറ്റ് മത്സരത്തിലെ ചാമ്പ്യന്മാർക്കുമുള്ള ട്രോഫികളും കൂടാതെ ഓവറോൾ ചാമ്പ്യന്മാർക്കുള്ള എവറോളിംഗ് ട്രോഫിയും നീന കൈരളി അന്നേ ദിവസം സമ്മാനിക്കുന്നതാണ് .
 പരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ഗിനിഫ് കുമാർ ,നിമ്മി ജെയ്സൺ ,ജോബി ജോസ് ,ആന്റണി റെജിൻ ,എബിൻ ബേബി ,പ്രിയ ജോജിൻ ,ബെറ്റി ഹെൻസൻ ,സുമ സൈജു എന്നിവർ നേതൃത്വം നൽകും.
വാർത്ത : ജോബി മാനുവൽ
Share This News

Related posts

Leave a Comment