യാത്രക്കാരുടെ വലിയ തിരക്കിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്ക് വിമാനം നഷ്ടമായ സംഭവത്തിന് പിന്നാലെ ഇപ്പോള്‍ ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ ലഗേജുകള്‍ സംബന്ധിച്ച പരാതികളും ഉയരുന്നു. വിമാനമിറങ്ങി ഒരാഴ്ചയിലധികമായിട്ടും ലഗേജുകള്‍ ലഭിക്കാത്തവര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്കുന്ന വിശദീകരണം.
യാത്രക്കാര്‍ വിമാനമിറങ്ങി മണിക്കൂറുകള്‍ കാത്തു നിന്നശേഷമാണ് പോകുന്നത്. ഇതിന് ശേഷമെത്തുന്ന പല ലഗേജുകളും യാത്രക്കാരെ കൃത്യമായി അറിയിക്കാത്തത് മൂലം ഒരാഴ്ചയോളമായി ടെര്‍മിനലുകളില്‍ കിടക്കുകയാണ്. ജീവനക്കാരുടെ കുറവ് തന്നെയാണ് ഇത്തരം വീഴ്ചകള്‍ക്ക് പിന്നിലും.
ലഗേജുകള്‍ കൈകാര്യം ചെയ്യുന്നത് അതാത് എയര്‍ലൈനുകളും അവരുടെ ഹാന്‍ഡ്ലിംഗ് പാട്ണേഴ്സുമാണ്. ഈ കമ്പനികളിലെ ജീവനക്കാരുടെ കുറവാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്നും എയര്‍പോര്‍ട്ടിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇതുമൂലം ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെ സല്‍പ്പേരാണ് നഷ്ടപ്പെടുന്നത്.