വിസ നടപടിക്രമങ്ങളിലെ താമസം ; വിദേശത്തുള്ള നിരവധി നഴ്‌സുമാരുടെ അയര്‍ലണ്ട് സ്വപ്‌നം അനന്തമായി നീളുന്നു

ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്തി അയര്‍ലണ്ടിലെ ആരോഗ്യമേഖലയ്ക്ക് കരുത്താവേണ്ട ആയിരക്കണക്കിന് നേഴ്‌സുമാര്‍ക്ക് വിസ നടപടി ക്രമങ്ങളിലെ കാലതാമസം തിരിച്ചടിയാവുന്നു. അയര്‍ലണ്ടിലെ പ്രമുഖ ഹെല്‍ത്ത് സര്‍വ്വീസ് റിക്രൂട്ടറാണ് ഈ വിഷയത്തിലെ ആശങ്ക പ്രമുഖ ദേശീയ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വിസ നടപടിക്രമങ്ങളിലെ കാലതാമസം രണ്ട് വിധത്തിലുള്ള തിരിച്ചടികളാണ് ഉണ്ടാക്കുന്നത്.

അയര്‍ലണ്ടിലേയ്ക്ക് വരാനാഗ്രഹിക്കുന്ന നേഴ്‌സുമാര്‍ക്ക് അവരുടെ പണവും സമയവും നഷ്ടമാകുന്നു. ഒപ്പം രോഗികളുടെ തള്ളിക്കയറ്റം മൂലം അയര്‍ലണ്ടിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുകയും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കുകയും ചെയ്യുന്നു. രോഗികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് വേറെയും.

ഇക്കഴിഞ്ഞ ജനുവരി മുതലാണ് നടപടിക്രമങ്ങളില്‍ താമസം വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും വരുന്ന നേഴ്‌സുമാര്‍ RCSI നടത്തുന്ന പരീക്ഷയ്ക്ക് അയര്‍ലണ്ടിലെത്തി ഹാജരാവണം. 3000 യൂറോയാണ് ഇതിന്റെ ഫീസ്. ഇതിനായി 250 യൂറോ മുടക്കി താത്ക്കാലിക വിസയും എടുക്കണം.

ഈ വിസ ലഭിക്കാനാണ് കാലതാമസം ഉണ്ടാകുന്നത്. നിസ്സാരകാരണങ്ങളാല്‍ പലരുടേയും വിസ നിഷേധിക്കപ്പെടുമ്പോള്‍ 3250 യൂറോയാണ് പലര്‍ക്കും നഷ്മാവുന്നത്. വിസയ്ക്ക് കാലതാമസം വരുമ്പോള്‍ പരീക്ഷക്കായി ബുക്ക് ചെയ്ത സ്ലോട്ടുകളും പലര്‍ക്കും നഷ്ടമാകുന്നു. ഇങ്ങനെ വരുമ്പോള്‍ ഇവര്‍ അടുത്ത എക്‌സാം തിയതിക്കായി കാത്തിരിക്കുകയും വീണ്ടും ഫീസടയ്ക്കുകയും ചെയ്യണം.

ഉയര്‍ന്ന യോഗ്യതകളും വര്‍ഷങ്ങളോളം പ്രവൃത്തി പരിചയവമുള്ള നേഴ്‌സുമാരെ അയര്‍ലണ്ടില്‍ ജോലിക്കായി അപേക്ഷിക്കുന്നതില്‍ നിന്ന് ഇക്കാര്യങ്ങള്‍ പിന്തിരിപ്പിക്കുകയും ചെയ്യുന്നു.

Share This News

Related posts

Leave a Comment