ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഫ്‌ളൈറ്റുകള്‍ ആരംഭിക്കുന്നു; സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും അത്യാവശ്യയാത്രകള്‍ക്കല്ലാതെയും വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. ജൂലൈ 19 മുതലാണ് സര്‍വ്വീസുകള്‍ നിലവില്‍ വരിക. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ മുമ്പത്തേത്തില്‍ നിന്നും വിത്യസ്തമായ സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും യാത്രകള്‍ അനുവദിക്കുക. എയര്‍ ലിംഗസ് അധികൃതരാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.

ജീവനക്കാരുടേയും യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്ന രീതിയില്‍ ഉള്ള സാമൂഹ്യ അകലമടക്കമുള്ള മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണം. ജീവനക്കാരെല്ലാം
ഫെയ്‌സ്മാസ്‌ക്കുകള്‍ ധരിക്കും. എയര്‍പോര്‍ട്ടിനുള്ളിലുടനീളം പ്രൊട്ടക്റ്റീവ് സ്‌ക്രീനുകളും ഉണ്ടാകും.

യാത്രക്കാര്‍ പരമാവധി ഓണ്‍ലൈനില്‍ ചെക്ക്-ഇന്‍ ചെയ്യണമെന്നും എയര്‍ ലിംഗസ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോര്‍ഡിംഗ് ഗെയ്റ്റിന് സമീപത്തെത്തുമ്പോള്‍ യാത്രക്കാര്‍ക്ക് തന്നെ അവരുടെ ബോര്‍ഡിംഗ് പാസുകള്‍ സ്‌കാന്‍ ചെയ്യാം. തുടര്‍ന്ന് ഇവിടെ നില്‍ക്കുന്ന ഉദ്യോഗസ്ഥരെ പാസ്‌പോര്‍ട്ട് കാണിക്കണം.

എല്ലാവരുടേയും ശരീരോഷ്മാവ് പരിശോധിക്കും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല. വിമാനങ്ങള്‍ക്കുള്ളില്‍ ആശുപത്രികളില്‍ ഉപയോഗിക്കുന്ന ഫില്‍ട്രേഷന്‍ സിസ്റ്റം ഉപയോഗിച്ച് വൈറസ് , ബാക്ടിരീയ എന്നിവയെ ഉന്‍മൂലനം ചെയ്യും.

വിമാനങ്ങള്‍ക്കുള്‍വശം എല്ലാ ദിവസവും അണുവിമുക്തമാക്കും. മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കണം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മാസ്‌ക് ധരിക്കാത്തവര്‍ അതിനുള്ള രേഖകള്‍ കാണിക്കണം. വിമാനത്തിനുള്ളിലൂടെ നടക്കാന്‍ യാത്രക്കാരെ അനുവദിക്കില്ല. മാത്രമല്ല യാത്രക്കാര്‍ക്ക് വിമാനത്തില്‍ അത്യാവശ്യ സേവനങ്ങള്‍ മാത്രമെ നല്‍കുകയുള്ളു . ഈ സേവനങ്ങളുടെ ഫീസ് ഓണ്‍ലൈനായി തന്നെ അടയ്ക്കുകയും വേണം.

Share This News

Related posts

Leave a Comment