രാജ്യത്ത് റെസ്‌റ്റോറന്റുകള്‍, പബ്ബുകള്‍, കഫേകള്‍, ഹോട്ടലുകള്‍ എന്നവയില്‍ ഇന്‍ഡോര്‍ ഡൈനിംഗുകള്‍ ഉടന്‍ ആരംഭിക്കും. രണ്ട ഡോസ് വാക്‌സിനുകളും സ്വീകരിച്ചവര്‍ക്കായിരിക്കും ഇന്‍ഡോര്‍ പ്രവേശനം അനുവദിക്കുക. ഇതിനായുള്ള നിയമഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചു. ജൂലൈ 23 മുതല്‍ ഇന്‍ഡോര്‍ ഡൈനിംഗുകള്‍ക്ക് അനുമതി നല്‍കാം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കാബിനറ്റ് അംഗീകരിച്ച നിയമഭേദഗതി തുടര്‍ന്നുള്ള നടപടി ക്രമങ്ങള്‍ക്ക് ശേഷം പ്രസിഡന്റ് ഒപ്പിട്ടാല്‍ മാത്രമേ രാജ്യത്ത് നടപ്പിലാക്കാന്‍ സാധിക്കൂ. ഇത് ഈ മാസം 23 നുള്ളില്‍ പൂര്‍ത്തികരിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
ആറ് മാസത്തിനുള്ളില്‍ കോവിഡ് വന്ന് രോഗമുക്തി നേടിയവര്‍ക്കും പ്രവേശനാനുമതി നല്‍കും. ഇവരും വാക്‌സിന്‍ സ്വീകരിച്ചവരും ഇത് തെളിയിക്കുന്ന രേഖകള്‍ കൈവശം കരുതണം. ഇത് കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസ് ഇടപെടല്‍ ഉണ്ടാവില്ല. മറിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തരമായ പരിശോധനകള്‍ ഉണ്ടാവും. എന്നാല്‍ ഇത് നൂറ് ശതമാനം ഫലപ്രാപ്തിയുള്ള ഒരു സംവിധാനമാണെന്ന് കരുതുന്നില്ലെന്നും കാബിനറ്റ് വിലയിരുത്തി.
നിലവില്‍ അനുവദിച്ചിട്ടില്ലെങ്കിലും ആന്റിജന്‍ ടെസ്‌റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്കും പ്രവേശനം അനുവദിക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന സൂചനയും കാബിനറ്റ് നല്‍കിയിട്ടുണ്ട്. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് ആരെങ്കിലും തട്ടിപ്പ് നടത്താന്‍ ശ്രമിച്ചാല്‍ കുറഞ്ഞത് 2000 യൂറോ പിഴയും അല്ലെങ്കില്‍ ഒരു മാസം തടവും ഇവര്‍ക്ക് ശിക്ഷ നല്‍കാനും നിയമമുണ്ട്.
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്കും അമേരിക്ക, ബ്രിട്ടന്‍, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇതേ മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്‍ഡോര്‍ ഡൈനിംഗുകളില്‍ പ്രവേശനം അനുവദിക്കും. വാക്‌സിനേറ്റഡ് ആയതോ രോഗമുക്തി പ്രാപിച്ചതോ ആയ രക്ഷിതാക്കള്‍ക്കൊപ്പം 18 വയസ്സിന് താഴെയുള്ളവര്‍ക്കും ഇന്‍ഡോര്‍ ഡൈനിംഗില്‍ പ്രവേശനം ലഭിക്കും. എന്നാല്‍ എല്ലാ സ്ഥാപനങ്ങളിലും സാമൂഹിക അകലം കൃത്യമായി പാലിക്കണം ഇതു സംബന്ധിച്ച മാര്‍ഗ്ഗ രേഖ ഉടന്‍ പുറത്തിറങ്ങും.