രാജ്യത്ത് ഡെല്‍റ്റാ വ്യാപനത്തിന് സാധ്യതയെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍

രാജ്യം ജാഗ്രതയോടെ മുന്നോട്ടുപോകണമെന്ന മുന്നറിയിപ്പുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍. കോവിഡിന്റെ നാലാം തരംഗത്തിനുള്ള സാധ്യതയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഡെല്‍റ്റാ വകഭേദവ്യാപനം സമ്മര്‍ സീസണില്‍ രാജ്യത്ത് നാലം തരംഗമായി മാറുമെന്നും ഇത് മനുഷ്യ ജീവന് ഭീഷണിയാകുന്നതിനൊപ്പം ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങള്‍ പോലും പോരാതെ വരുന്ന അവസ്ഥയിലേയ്ക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന വ്യാപനം ഓഗസ്റ്റില്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി സെപ്റ്റംബര്‍മാസത്തോടെ നിയന്ത്രിക്കാനാവുമെന്നും യുവജനങ്ങളെയാവും ഇത് കൂടുതല്‍ ബാധിക്കാന്‍ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പില്‍ മുഴുവന്‍ ഇപ്പോള്‍ ഡെല്‍റ്റാ വകഭേദത്തിന്റെ സാന്നിധ്യമുണ്ടെന്നും അതിനാല്‍ ഇത് തടയാന്‍ ഏറെ ബുദ്ധിമുട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ യുവജനങ്ങളിലേയ്ക്കും വാക്‌സിന്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. 30-34 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷനുള്ള പോര്‍ട്ടല്‍ തുറന്നു കഴിഞ്ഞു. യുവജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

യൂറോപ്യന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളില്‍ 10% വര്‍ദ്ധനവാണുണ്ടായതെന്നും ഇത് ഗൗരവത്തോടെ കാണണമെന്നും യൂറോകപ്പ് ഫുട്‌ബോളിലെ ആരാധകരുടെ കൂട്ടങ്ങളാണ് ഇതിന് പ്രധാനകാരണമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപന സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share This News

Related posts

Leave a Comment