കോവിഡ് -19 ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏഴു മാസമായി ഏറ്റവും താഴ്ന്ന നിലയിലേക്ക്. ഇന്നലെ രാത്രി എട്ടുമണിയോടെ ഏകദേശം 122 കൊറോണ വൈറസ് രോഗികൾ അയർലണ്ടിലെ വിവിധ ആശുപത്രികളിലായി ഉണ്ടായിരുന്നു, കഴിഞ്ഞ ഒക്ടോബർ 2 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇവരിൽ 37 പേർ ICU- വിലാണുള്ളത്. അതേസമയം, ഇന്നലെ 418 പുതിയ കോവിഡ് -19 കേസുകളും ഏഴ് മരണങ്ങളും ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. മരണമടഞ്ഞവരുടെ ശരാശരി പ്രായം 82 ഉം പ്രായപരിധി 67-92 വയസും ആയിരുന്നു. ഇതോടെ അയർലണ്ടിൽ മൊത്തം 4,915 കോവിഡ് -19 മരണങ്ങളും 251,087 കോവിഡ് -19 കേസുകളും സ്ഥിരീകരിച്ചു.
ഇന്നലെ അറിയിച്ച കേസുകളിൽ 199 പുരുഷന്മാരും 214 സ്ത്രീകളുമാണ് ഉള്ളത്, 73% പേർ 45 വയസ്സിന് താഴെയുള്ളവരും. കേസുകളുടെ സ്ഥിതി കൗണ്ടികളനുസരിച്ച് 167 ഡബ്ലിനിലും 39 കോർക്കിലും 32 ഡൊനെഗലിലും 29 കിൽഡെയറിലും 22 മീത്തിലും ബാക്കി 129 കേസുകൾ മറ്റ് 20 കൗണ്ടികളിലായും വ്യാപിച്ചുകിടക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് 1,621,870 ഡോസ് കോവിഡ് -19 വാക്സിനുകൾ അയർലണ്ടിൽ നൽകി. 1,174,292 പേർക്ക് ആദ്യ ഡോസ് ലഭിച്ചു, 447,578 പേർക്ക് പൂർണ്ണമായി വാക്സിനേഷനും (ഫസ്റ്റ് ഡോസും സെക്കന്റ് ഡോസും) നൽകി.