അവസാന നിമിഷത്തിലെ വേവലാതി.അതാണ് ഇന്ന്. ഉത്രാടപ്പാച്ചില്‍. ഐശ്വര്യവും സമ്പദ്സമൃദ്ധിയും നിറഞ്ഞ തിരുവോണത്തെ സ്വപ്നം കാണുന്ന മലയാളിയുടെ ഒരാണ്ടത്തെ കാത്തിരിപ്പിന് ഉത്രാടപ്പാച്ചിലോടെ പൂര്‍ണത. നാളെ മലയാളി സമൃദ്ധിയുടെ ഓണമുണ്ണും. തിരുവോണം കെങ്കേമമായി ആഘോഷിക്കാനുള്ള എല്ലാ ഒരുക്കങ്ങളും മലയാളി ഭവനങ്ങളില്‍ പൂര്‍ത്തിയാകുന്നു.ഉത്രാടപ്പാച്ചിലിന് തടയിടാന്‍ ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴയ്ക്കും തിളയ്ക്കുന്ന വെയിലിനുമാകുന്നില്ല. മഴയും വെയിലുമെല്ലാം ഏറ്റിട്ടും വീട്ടമ്മമാരടക്കം തിരക്കിലാണ്. തിരുവോണത്തിന് മുറ്റത്ത് വലിയ പൂക്കളമൊരുക്കണം, സദ്യയൊരുക്കണം, ഓണക്കോടി ഉടുക്കണം, അങ്ങനെ എങ്ങും തിരക്കോട് തിരക്കാണ്.
ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കുവാന്‍ മലയാളികള്‍ നടത്തുന്ന യാത്ര എന്നും മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ്. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം. ഓണ സദ്യ കെങ്കേമമാക്കാന്‍ ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ഇന്ന് മലയാളിയുടെ വീട്ടിലെത്തും.
തെക്കന്‍ കേരളത്തില്‍ ഓണത്തിന്റെ തലേ ദിവസം വീടുകളില്‍ ഉത്രാട വിളക്ക് കത്തിച്ചു വെയ്ക്കാറുണ്ട്. ഗുരുവായൂരില്‍ കൊടിമരച്ചുവട്ടില്‍ കഴ്ചക്കുല സമര്‍പ്പിക്കുന്നതും ഇന്നാണ്. ഇതിന് ഉത്രാട കാഴ്ച എന്നാണ് പറയുക. ഉത്രാട പൂനിലാവ് കഴിയുന്നതോടെ പിന്നെ തിരുവോണം.
നിത്യോപയോഗസാധനങ്ങളും പച്ചക്കറികളും പുതുവസ്ത്രങ്ങളും വാങ്ങാന്‍ വ്യാപാരശാലകളില്‍ സര്‍വത്ര തിരക്കാണ് അനുഭവപ്പെടുന്നത്. വിലക്കയറ്റം വിപണിയെ ബാധിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഓണത്തിന്റെ ആവേശം തെല്ലും കുറച്ചിട്ടില്ല. ശമ്പളവും ബോണസുമെല്ലാം ചേര്‍ത്ത് ഓണം അടിപൊളിയാക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും. പൂരാടത്തിനും ഉത്രാടത്തിനുമാണ് ആവശ്യമായ സാധനങ്ങളെല്ലാം വീടുകളില്‍ എത്തിക്കുന്നത്. ചാലക്കമ്പോളമടക്കം തലസ്ഥാനത്തെ പ്രമുഖകച്ചവട കേന്ദ്രങ്ങളെല്ലാം വന്‍ തിരക്കാണ്. ചെറുതും വലുതുമായ കടകളിലെല്ലാം വന്‍ തിരക്കാണ്. ഉത്സവബത്തയും ബോണസുമൊക്കെ വാങ്ങി ഓണം പൊടിപൊടിക്കാനെത്തിയവരാണ് അവസാന ദിനങ്ങളില്‍ വിപണി സങ്കീര്‍ണമാക്കുന്നത്. വസ്ത്രശാലകളില്‍ സൂചി കുത്താനിടമില്ലാത്ത വിധമാണ് കുടുംബമായി എത്തുന്നവരുടെ തിരക്ക്. എത്ര കഷ്ട നഷ്ടങ്ങള്‍ സഹിച്ചായാലും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമെത്തുന്ന ഓണത്തെ വരവേല്‍ക്കാന്‍ എല്ലാവരും അവസാന തയ്യാറെടുപ്പിലാണ്.