ആഗോളതലത്തില്‍ തന്നെ കയ്യടി നേടുന്നതരത്തിലുള്ള സ്തുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കുന്നവരാണ് ഇന്ത്യന്‍ നേഴ്സുമാര്‍ പ്രത്യേകിച്ച് മലയാളി നേഴ്സുമാര്‍ എന്ന കാര്യത്തില്‍ ലോകനേതാക്കള്‍ക്കിടയില്‍ പോലും അഭിപ്രായവിത്യാസമില്ല. ഒരു മലയാളി നേഴ്സിന്റെ കയ്യൊപ്പു പതിയാത്ത ആരോഗ്യമേഖല ലോകത്തൊരിടത്തും ഇല്ലതാനും.
ഇന്ത്യന്‍ നേഴ്സുമാര്‍ ഭൂമിയിലെ മാലാഖമാരാണെന്ന കാര്യത്തില്‍ അയര്‍ലണ്ടിനും അഭിപ്രായവിത്യാസമില്ല. കോവിഡ് കാലത്തടക്കം സ്വന്തം ജീവന് പണയംവെച്ച് അയര്‍ലണ്ടിന് ജീവശ്വാസം നല്കിയവരാണ് മലയാളികളടക്കം ഇവിടെയുള്ള സമര്‍പ്പണബോധമുള്ള നേഴ്സുമാര്‍.
എന്നാല്‍ കോര്‍ക്കില്‍ നിന്നും പുറത്തുവരുന്ന വംശവെറിയുടെ വിവരങ്ങള്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. കോര്‍ക്കിലെ യൂണിവേഴ്സ്റ്റി ഹോസ്പിറ്റലിലാണ് അയര്‍ലണ്ടിന്റെ മഹത്തായ സംസ്കാരത്തെപ്പോലും വെല്ലുവിളിച്ച് ചില നരാധമന്മാര് വംശീയാധിക്ഷേപം നടത്തിയത്.
ഒരു വര്‍ഷം മുമ്പാണ് സംഭവം . ഇക്കാര്യം കാട്ടി 29 മലയാളി നേഴ്സുമാരാണ് പരാതി നല്‍കിയിരിക്കുന്നത്. അഡാപ്റ്റേഷന് പ്രേഗ്രാമിനിടെയായിരുന്നു സംഭവം. ഇതില്‍ പരാജയപ്പെടുമോ എന്ന ഭീതിയായിരുന്നു വംശീയാധിക്ഷേപം പുറത്തുപറയുന്നതില്‍ നിന്നും ഇവരെ പിന്നോട്ടുവലിച്ചത്.
എന്തായാലും ഇപ്പോള്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. അതിഹീനമായ രീതിയിലായിരുന്നു മലയാളി നഴ്സുമാരെ അപമാനിച്ചത്. മലയാളി നേഴ്സുമാര്‍ കാശ് അയര്‍ലണ്ടില്‍ ചെലവാക്കില്ലെന്നും അരിവരെ നാട്ടില്‍ നിന്നും കൊണ്ടുവരുകയാണെന്നും ശുചിമുറികള്‍ വൃത്തികേടാക്കുന്നുവെന്നും ശുചിമുറി ഉപയോഗത്തിന് ശേഷം കൈ കഴുകാറില്ലെന്നും അവര്‍ കോവിഡ് പരത്തുന്നുവെന്നും ഗര്‍ഭിണിയാകാനും ചൈല്‍ഡ് ബെനഫിറ്റ് വാങ്ങാനുമാണ് മലയാളി നേഴ്സുമാര്‍ക്ക് താത്പര്യമെന്നുമൊക്കെയായിരുന്നു അധിക്ഷേപ വാക്കുകള്‍.
സംഭവത്തില്‍ മലയാളി സമൂഹത്തിനിടയില്‍ പ്രതിഷേധം ശക്തമാണ്.